ദോഹ: ഫിഫ ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തിൽ ഗ്രൂപ്പ് എയിലെ പോരാട്ടത്തിൽ ആതിഥേയരായ ഖത്തറിനെ രണ്ട് ഗോളിന് തകർത്ത് ഇക്വഡോർ. ക്യാപ്റ്റൻ എന്നർ വലൻസിയയാണ് രണ്ട് ഗോളും സ്കോർ ചെയ്തത്.
കളിയുടെ തുടക്കത്തിൽ തന്നെ ആക്രമിച്ചു തുടങ്ങുകയായിരുന്നു ഇക്വഡോർ. മത്സരം ആരംഭിച്ച് മൂന്നാം മിനുട്ടിൽ തന്നെ ഇക്വഡോർ മുന്നിലെത്തിയിരുന്നു. ഒരു ഫ്രീകിക്കിൽ നിന്ന് പിറന്ന അവസരം വലൻസിയ ഗോളാക്കി മാറ്റി തുടർന്ന് ആഹ്ലാദവും നടന്നു. എന്നാൽ ഓഫ് സൈഡ് ഉണ്ടെന്ന് വാർ കണ്ടെത്തിയതോടെ ആ ഗോൾ നിഷേധിക്കപ്പെട്ടു. വീണ്ടും വലൻസിയയുടെ ഊഴം. 16-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി വലയിലെത്തിച്ച് ക്യാപ്റ്റൻ ഇക്വഡോറിനെ മുന്നിലെത്തിച്ചു. വലൻസിയയെ ബോക്സിൽ വീഴ്ത്തിയ ഖത്തർ ഗോൾകീപ്പർ സാദ് അൽ ഷീബിന്റെ നടപടിയാണ് പെനാൽറ്റിക്ക് കാരണമായത്.
31-ആം മിനുട്ടിൽ വലൻസിയ വീണ്ടും വല കണ്ടെത്തി.ഇതോടെ ലോകകപ്പിൽ നാല് ഗോളുകൾ നേടുന്ന ആദ്യ ഇക്വഡോർ താരമെന്ന നേട്ടം എന്നെർ വലൻസിയ സ്വന്തമാക്കി.