ഇന്‍ഡോര്‍:ന്യൂസീലൻഡിനെതിരായ ഏകദിന പരമ്പര തൂത്തുവാരി ഇന്ത്യ. പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തിൽ കിവീസിനെ 90 റൺസിന് തകർത്താണ് ഇന്ത്യ പരമ്പര നേടിയത്. ഇന്ത്യ ഉയർത്തിയ 386 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ന്യൂസീലൻഡ് 41.2 ഓവറിൽ 295 റൺസിന് ഓൾ ഔട്ടായി.
സെഞ്ചുറി നേടിയ ഡെവോൺ കോൺവെ മാത്രമാണ് കിവീസിനായി പിടിച്ചുനിന്നത്.
സെഞ്ചുറി നേടിയ രോഹിത് ശർമയും ശുഭ്മാൻ ഗില്ലുമാണ് ഇന്ത്യയുടെ വിജയത്തിന് നേതൃത്വം നൽകിയത്. ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച ഇന്ത്യ നേരത്തേ പരമ്പര സ്വന്തമാക്കിയിരുന്നു.
പടുകൂറ്റൻ വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസീലൻഡിന് തുടക്കത്തിൽ തന്നെ തിരിച്ചടി നേരിട്ടു. ആദ്യ ഓവറിലെ രണ്ടാം പന്തിൽ തന്നെ ഫിൻ അലനെ മടക്കി ഹാർദിക് പാണ്ഡ്യ ന്യൂസീലൻഡിനെ ഞെട്ടിച്ചു. ഹാർദിക്കിന്റെ ബൗൺസർ പ്രതിരോധിച്ച അലന്റെ ബാറ്റിൽ തട്ടിയ പന്ത് വിക്കറ്റ് പിഴുതു. മൂന്നാമനായി വന്ന ഹെന്റി നിക്കോൾസിനെ കൂട്ടിപിടിച്ച് ഓപ്പണർ ഡെവോൺ കോൺവെ അടിച്ചുതകർത്തു.
ഇരുവരും രണ്ടാം വിക്കറ്റിൽ സെഞ്ചുറി കൂട്ടുകെട്ട് പടുത്തുയർത്തി. കോൺവെ ആയിരുന്നു അപകടകാരി. എന്നാൽ 42 റൺസെടുത്ത നിക്കോൾസിനെ വിക്കറ്റിന് മുന്നിൽ കുടുക്കി കുൽദീപ് യാദവ് ഈ കൂട്ടുകെട്ട് പൊളിച്ചു. എന്നാൽ മറുവശത്ത് കോൺവെയ്ക്ക് കുലുക്കമുണ്ടായിരുന്നില്ല. അനായാസം ഇന്ത്യൻ ബൗളർമാരെ നേരിട്ട് കോൺവെ സ്കോർ ഉയർത്തി.
വൈകാതെ താരം സെഞ്ചുറി നേടുകയും ചെയ്തു. വെറും 73 പന്തിൽ നിന്നാണ് കോൺവെ സെഞ്ചുറി തികച്ചത്. കോൺവെയുടെ വെടിക്കെട്ട് ബാറ്റിങ് പ്രകടനം ഇന്ത്യൻ ക്യാമ്പിൽ ആശങ്കയുളവാക്കി. എന്നാൽ ഡാരിൽ മിച്ചലിനെയും പിന്നാലെ വന്ന നായകൻ ടോം ലാഥത്തെയും അടുത്തടുത്ത പന്തുകളിൽ പുറത്താക്കി ശാൽദൂൽ ഠാക്കൂർ ഇന്ത്യയ്ക്ക് പ്രതീക്ഷ നൽകി. ഇതോടെ ഇന്ത്യ മത്സരത്തിലേക്ക് തിരിച്ചുവന്നു.
എന്നാൽ ഒരറ്റത്ത് കോൺവെ പിടിച്ചുനിന്നത് ഇന്ത്യയുടെ വിജയസാധ്യതകൾക്ക് തിരിച്ചടിയായി. എന്നാൽ 32-ാം ഓവറിൽ അപകടകാരിയായ കോൺവെയെ മടക്കി ഉമാൻ മാലിക്ക് ഇന്ത്യയ്ക്ക് പ്രതീക്ഷ നൽകി. കോൺവെയുടെ ഷോട്ട് രോഹിത് കൈയ്യിലൊതുക്കി. 100 പന്തുകളിൽ നിന്ന് 12 ഫോറിന്റെയും എട്ട് സിക്സിന്റെയും സഹായത്തോടെ 138 റൺസെടുത്താണ് താരം ക്രീസ് വിട്ടത്.