പൊച്ചെഫെസ്ട്രൂം: പ്രഥമ അണ്ടര്‍ 19 വനിതാ ട്വന്‍റി 20 ക്രിക്കറ്റ് ലോകകപ്പ് കിരീടം ഇന്ത്യക്ക്. ഇംഗ്ലണ്ടിനെ ഏഴ് വിക്കറ്റിന് തോല്‍പിച്ചാണ് ഇന്ത്യയുടെ കിരീടധാരണം. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത ഇംഗ്ലണ്ട് വനിതകള്‍ വെറും 68 റണ്‍സില്‍ പുറത്തായപ്പോള്‍ ഇന്ത്യ 14 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്‌ടത്തില്‍ ലക്ഷ്യത്തിലെത്തി. ക്യാപ്റ്റന്‍ ഷെഫാലി വര്‍മ്മ 11 പന്തില്‍ 15 ഉം സഹ ഓപ്പണര്‍ ശ്വേത ശെരാവത്ത് 6 പന്തില്‍ 5 ഉം ഗൊങ്കാഡി ത്രിഷ 29 പന്തില്‍ 24 ഉം റണ്‍സെടുത്ത് പുറത്തായപ്പോള്‍ നാലാം വിക്കറ്റ് കൂട്ടുകെട്ടില്‍ സൗമ്യ തിവാരിയും(37 പന്തില്‍ 24*), റിഷിത ബസുവും(0*) ഇന്ത്യക്ക് കിരീടം സമ്മാനിച്ചു.
ഇന്നിംഗ്‌സിലെ നാലാം പന്തില്‍ ഇന്ത്യന്‍ വനിതകള്‍ വിക്കറ്റ് മഴയ്ക്ക് തുടക്കമിട്ടപ്പോള്‍ ഇംഗ്ലണ്ട് 17.1 ഓവറില്‍ വെറും 68 റണ്‍സില്‍ എല്ലാവരും പുറത്തായി. ഇംഗ്ലണ്ട് നിരയില്‍ നാല് താരങ്ങള്‍ മാത്രമാണ് രണ്ടക്കം കണ്ടത്. 19 റണ്‍സ് നേടിയ റയാന്‍ മക്‌ഡൊണള്‍ഡാണ് ടോപ് സ്‌കോറര്‍. ഇന്ത്യക്കായി തിദാസ് സന്ധുവും അര്‍ച്ചന ദേവിയും പര്‍ഷാവി ചോപ്രയും രണ്ട് വീതം വിക്കറ്റ് നേടി. മന്നത് കശ്യരും ഷെഫാലി വര്‍മ്മയും സോനം യാദവും ഓരോരുത്തരെ പുറത്താക്കി.
ടോസ് നേടി ബൗളിംഗ് തെരഞ്ഞെടുത്ത ഇന്ത്യന്‍ ക്യാപ്റ്റന്‍ ഷെഫാലി വര്‍മ്മയുടെ തീരുമാനം ശരിവെച്ചാണ് മത്സരം തുടങ്ങിയത്. തിദാസ് സന്ധുവിന്‍റെ ആദ്യ ഓവറിലെ നാലാം പന്തില്‍ ഇംഗ്ലീഷ് ഓപ്പണര്‍ ലിബേര്‍ട്ടി ഹീപ്(2 പന്തില്‍ 0) പുറത്തായി. മൂന്നാം നമ്പറിലെത്തിയ ഫിയോണ ഹോളണ്ട് അര്‍ച്ചന ദേവി എറിഞ്ഞ നാലാം ഓവറിലെ മൂന്നാം പന്തില്‍ പുറത്തായി. 8 പന്തില്‍ 10 റണ്‍സാണ് ഫിയോണ നേടിയത്. ഇതേ ഓവറില്‍ ക്യാപ്റ്റനും മറ്റൊരു ഓപ്പണറുമായ ഗ്രേസ് സ്‌കീവന്‍സ് 12 പന്തില്‍ 4 റണ്‍സുമായി അര്‍ച്ചയ്ക്ക് തന്നെ വിക്കറ്റ് സമ്മാനിച്ച് മടങ്ങി.
പിന്നാലെ സേറേന്‍ സ്മേലിനെ(9 പന്തില്‍ 3) ബൗള്‍ഡാക്കി തിദാസ് സന്ധു വീണ്ടും ആഞ്ഞടിച്ചു. പവലിയെ(9 പന്തില്‍ 2) റയാന്‍ മക്‌ഡൊണള്‍ഡിനെയും(24 പന്തില്‍ 19) പര്‍ഷാവി ചോപ്രയും പുറത്താക്കിയപ്പോള്‍ ജോസീ ഗ്രോവ്‌സിനെ സൗമ്യ തിവാരി റണ്ണൗട്ടാക്കി. ഹന്നാ ബേക്കറിനെ ഷെഫാലി വര്‍മ്മ ഗോള്‍ഡന്‍ ഡക്കാക്കി. അലക്‌സാ സ്റ്റോണ്‍ഹൗസിനെ(25 പന്തില്‍ 12) മന്നത് കശ്യപും സോഫിയ സ്മേലിനെ(7 പന്തില്‍ 11) സോനം യാദവും പുറത്താക്കിയതോടെ ഇംഗ്ലീഷ് വനിതകളുടെ പോരാട്ടം അവസാനിച്ചു. എല്ലീ ആന്‍ഡേഴ്‌സണ്‍ അക്കൗണ്ട് തുറക്കാതെ പുറത്താകാതെ നിന്നു. തിദാസ് സന്ധു നാല് ഓവറില്‍ വെറും 6 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് രണ്ട് വിക്കറ്റ് നേടിയത്.