ബംഗളൂരു: ഐ.എസ്.എല്ലിലെ ആദ്യ പ്ലേഓഫ് പോരാട്ടത്തിന് നാടകാന്ത്യം. എക്‌സ്ട്രാ ടൈമില്‍ ബംഗളൂരു എഫ്.സി നേടിയ വിവാദ ഗോളിനെ തുടര്‍ന്ന് ബ്ലാസ്റ്റേഴ്സ് കോച്ച് ഇവാന്‍ വുകുമാനോവിച്ച് താരങ്ങളെ തിരിച്ചുവിളിച്ചു. മണിക്കൂറുകള്‍ നീണ്ട നാടകീയരംഗങ്ങള്‍ക്കൊടുവില്‍ ബംഗളൂരുവിനെ മാച്ച് റഫറി വിജയിയായി പ്രഖ്യാപിച്ചു. ഇതോടെ ബംഗളൂരു സെമിയില്‍ പ്രവേശിച്ചു.
ഇരുപകുതികളും ഗോള്‍രഹിതമായതിനെ തുടര്‍ന്ന് എക്‌സ്ട്രാ ടൈമിലേക്ക് നീണ്ട മത്സരത്തിന്‍റെ 96 ാം മിനിറ്റിലാണ് വിവാദ ഗോള്‍ പിറന്നത്. ഫ്രീകിക്ക് തടയാന്‍ ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ തയ്യാറാവും മുമ്പേ ബംഗളൂരു താരം സുനില്‍ ഛേത്രി ഗോള്‍ വലയിലാക്കുകയായിരുന്നു. റഫറി ഗോള്‍ വിളിക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് ബ്ലാസ്റ്റേഴ്സ് കോച്ച് ഇവാന്‍ വുകുമാനോവിച്ച് താരങ്ങളെ മുഴുവന്‍ തിരിച്ചുവിളിച്ചു.
ഗാലറിയില്‍ ബ്ലാസ്റ്റേഴ്സ് ആരാധകരും റഫറിയുടെ തീരുമാനത്തിനെതിരെ മുദ്രാവാക്യങ്ങള്‍ മുഴക്കി പ്രതിഷേധിച്ചു. തുടര്‍ന്ന് ഇരുടീം ആരാധകരും ഗാലറിയില്‍ ഏറ്റുമുട്ടുന്ന കാഴ്ചക്കും ബാംഗ്ലൂര്‍ ശ്രീകണ്ഠീരവ സ്റ്റേഡിയം സാക്ഷിയായി. ശേഷം മാച്ച് റഫറിയെത്തി ബംഗളൂരു വിജയിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു.
ആദ്യ പകുതിയില്‍ കളം നിറഞ്ഞ് കളിച്ചത് ബംഗളൂരുവാണെങ്കില്‍ രണ്ടാം പകുതിയില്‍ മികച്ച കളി പുറത്തെടുത്ത് ബ്ലാസ്റ്റേഴ്സ് മത്സരത്തിലേക്ക് തിരിച്ചെത്തി. മത്സരത്തില്‍ 60 ശതമാനവും പന്ത് കൈവശം വച്ചതും ബ്ലാസ്റ്റേഴ്സായിരുന്നു. രണ്ടാം പകുതിയില്‍ ഗോള്‍ മുഖത്തിനടത്തു വച്ച് നിരവധി അവസരങ്ങളാണ് ബ്ലാസ്റ്റേഴ്സ് നഷ്ടപ്പെടുത്തിക്കളഞ്ഞത്.