ചെന്നൈ സൂപ്പര്‍ കിങ്സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് മൂന്ന് റണ്‍സിന്‍റെ നാടകീയ ജയം. അവസാന രണ്ട് ഓവറുകളില്‍ 40 റണ്‍സ് വേണ്ടിയിരുന്ന മത്സരത്തില്‍ ധോണിയും ജഡേജയും പരമാവധി ശ്രമിച്ചെങ്കിലും ലക്ഷ്യത്തിന് മൂന്ന് റണ്‍സകലെ വീഴുകയായിരുന്നു. അവസാന ഓവറില്‍ രണ്ട് സിക്സറുകളടിച്ച് ധോണി ചെന്നൈക്ക് പ്രതീക്ഷ നല്‍കിയെങ്കിലും ലക്ഷ്യത്തിലെത്താന്‍ കഴിഞ്ഞില്ല. രാജസ്ഥാന്‍ ഉയര്‍ത്തിയ 176 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈക്ക് നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ,ടോപ് ഓര്‍ഡറില്‍ കോണ്‍വേയും(50) രഹാനെയും(31) മാത്രമാണ് ചെന്നൈക്കായി തിളങ്ങിയത്. മത്സരത്തില്‍ നിര്‍ണായകമായത് രാജസ്ഥാന്‍ സ്പിന്നര്‍മാരുടെ അച്ചടക്കമുള്ള ബൌളിങ്ങാണ്. മികച്ച എക്കോണമയില്‍ പന്തെറിഞ്ഞ് രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തിയ അശ്വിനും ചാഹലുമാണ് കളി രാജസ്ഥാന് അനുകൂലമാക്കിയത്.
ഏഴാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ചെന്നൈ നായകന്‍ ധോണിയും ജഡേജയും ചേര്‍ന്ന് 59 റണ്‍സിന്‍റെ കൂട്ടുകെട്ടുണ്ടാക്കിയെങ്കിലും ലക്ഷ്യം അകന്നുനിന്നു. 17 പന്തില്‍ മൂന്ന് സിക്സറും ഒരു ബൌണ്ടറിയുമുള്‍പ്പെടെ ധോണി 32 റണ്‍സെടുത്തപ്പോള്‍ 15 പന്തില്‍ ഒരു ബൌണ്ടറിയും രണ്ട് സിക്സറുമുള്‍പ്പെടെ ജഡേജ 25 റണ്‍സെടുത്തു.
നേരത്തെ മിന്നും തുടക്കം ലഭിച്ചിട്ടും അത് മുതലാക്കാനാകാതെ പോയതോടെ ചെന്നൈക്കെതിരെ രാജസ്ഥാന്‍ റോയല്‍സിന് നിശ്ചിത 20 ഓവറില്‍ 175 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ജോസ് ബട്‍ലറും ദേവ്ദത്ത് പടിക്കലും ചേര്‍ന്ന് വെടിക്കെട്ട് തുടക്കം നല്‍കിയ രാജസ്ഥാന്‍ ഒരു ഘട്ടത്തില്‍ എട്ടോവറില്‍ 87 ന് ഒന്നെന്ന നിലയിലായിരുന്നു. അവിടെ നിന്നാണ് രാജസ്ഥാന്‍ 175 റണ്‍സിലൊതുങ്ങിയത്. ജൈസ്വാളിന്‍റെ(10) വിക്കറ്റ് പെട്ടെന്ന് നഷ്ടപ്പെട്ടെങ്കിലും രണ്ടാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ദേവ്ദത്ത് പടിക്കലും(38) ജോസ് ബട്‍ലറും ചേര്‍ന്ന് രാജസ്ഥാനായി 77 റണ്‍സിന്‍റെ പാര്‍ട്ണര്‍ഷിപ്പ് ഉണ്ടാക്കി.
പിന്നീടെത്തിയ സഞ്ജു(0) നിരാശപ്പെടുത്തിയെങ്കിലും അശ്വിനും(30) ഹെറ്റ്മെയറും(30) കിട്ടിയ അവസരത്തില്‍ തിളങ്ങി. കഴിഞ്ഞ മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ധ്രുവ് ജുറേലിന് പക്ഷേ ഇത്തവണ ആ മികവ് പുറത്തെടുക്കാനായില്ല. നാല് റണ്‍സെടുത്ത് ജുറേല്‍ പുറത്തായി. ചെന്നൈക്കായി ആകാശ് സിങും തുഷാര്‍ പാണ്ഡേയും രവീന്ദ്ര ജഡേജയും രണ്ട് വീതം വിക്കറ്റ് വീഴ്ത്തി.