ഹൈദരാബാദ്: ഐപിഎല്ലിൽ മുംബൈ ഇന്ത്യന്‍സിന് തുടര്‍ച്ചയായ മൂന്നാം ജയം. ഹൈദരാബാദില്‍ നടന്ന പോരാട്ടത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ 14 റണ്‍സിന് തകര്‍ത്താണ് മുംബൈ ഇന്ത്യന്‍സ് സീസണിലെ മൂന്നാം ജയം കുറിച്ചത്. ആദ്യം ബാറ്റ് ചെയ്ത മുംബൈ കാമറൂണ്‍ ഗ്രീനിന്‍റെ അര്‍ധസെഞ്ചുറി മികവില്‍ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സടിച്ചപ്പോള്‍ ഹൈദരാബാദ് 19.5 ഓവറില്‍ 178 റണ്‍സിന് ഓള്‍ ഔട്ടായി. 48 റണ്‍സെടുത്ത മായങ്ക് അഗര്‍വാളാണ് ഹൈദരാബാദിന്‍റെ ടോപ് സ്കോറര്‍.
മുംബൈക്കായി പിയൂഷ് ചൗളയും ജേസന്‍ ബെഹന്‍ഡോര്‍ഫും റിലെ മെറിഡിത്തും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. 2.5 ഓവറില്‍ 18 റണ്‍സ് മാത്രം വഴങ്ങി അര്‍ജ്ജുന്‍ ടെന്‍ഡുല്‍ക്കര്‍ ഒരു വിക്കറ്റെടുത്തു. ജയത്തോടെ മുംബൈ അഞ്ച് കളികളില്‍ ആറ് പോയന്‍റുമായി ആറാം സ്ഥാനത്തേക്ക് കയറി. സ്കോര്‍ മുംബൈ ഇന്ത്യന്‍സ് 20 ഓവറില്‍ 192-5, സണ്‍റൈസേഴ്സ് ഹൈദരാബാദ് 19.5 ഓവറില്‍ 178ന് ഓള്‍ ഔട്ട്.
ഹോം മത്സരത്തില്‍ മുംബൈ ഉയര്‍ത്തിയ കൂറ്റം വിജയലക്ഷ്യം പിന്തുടരുമ്പോള്‍ ഹാരി ബ്രൂക്കിലായിരുന്നു ഹൈദരാബാദിന്‍റെ പ്രതീക്ഷ. കഴിഞ്ഞ മത്സരത്തില്‍ സെഞ്ചുറിയുമായി തിളങ്ങിയ ബ്രൂക്കിന് പക്ഷെ ഇത്തവണ പിഴച്ചു. ബെഹന്‍ഡോര്‍ഫിന്‍റെ ഷോര്‍ട്ട് ബോളില്‍ ബ്രൂക്ക്(9) വീണു. പിന്നാലെ രാഹുല്‍ ത്രിപാഠിയെയും(7) ബെഹന്‍ഡോര്‍ഫ് തന്നെ മടക്കിയതോടെ നാലാം ഓവറില്‍ 25-2 എന്ന നിലയില്‍ ഹൈദരാബാദ് പതറി. മൂന്നാം വിക്കറ്റില്‍ ക്യാപ്റ്റന്‍ ഏയ്ഡന്‍ മാര്‍ക്രവും(17 പന്തില്‍ 22) മായങ്ക് അഗര്‍വാളും ചേര്‍ന്ന് ഹൈദരാബാദിനെ കരകയറ്റിയെങ്കിലും മുംബൈ സ്കോര്‍ മറികടക്കാനുള്ള വേഗമില്ലായിരുന്നു. മാര്‍ക്രത്തെ ഗ്രീന്‍ മടക്കിയതിന് പിന്നാലെ അഭിഷേക് ശര്‍മയെ(1) പിയൂഷ് ചൗള വീഴ്ത്തിയതോടെ 72-4ലേക്ക് വീണ ഹൈദരാബാദിനെ ഹെന്‍റിച്ച് ക്ലാസന്‍റെ(16 പന്തില്‍ 36) വെടിക്കെട്ടാണ് 100 കടത്തിയത്. പിയൂഷ് ചൗളയുടെ ഒരോവറില്‍ 20 റണ്‍സടിച്ച് മുംബൈക്ക് അപായ സൂചന നല്‍കിയ ക്ലാസനെ ചൗള തന്നെ ബൗണ്ടറിയില്‍ ടിം ഡേവിഡിന്‍റെ കൈകളിലെത്തിച്ചു.
ക്ലാസന് പിന്നാലെ മായങ്ക് അഗര്‍വാളിനെയും(41 പന്തില്‍ 48), മാര്‍ക്കൊ ജാന്‍സനെയും(6 പന്തില്‍ 13 വീഴ്ത്തിയ ലെ മെറിഡിത്ത് മുംബൈയെ ജയത്തിലേക്ക് അടുപ്പിച്ചു. അവസാന രണ്ടോവറില്‍ 24 റണ്‍സായിരുന്നു ഹൈദരാബാദിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. കാമറൂണ്‍ ഗ്രീന്‍ എറിഞ്ഞ പത്തൊമ്പതാം ഓവറില്‍ നാലു റണ്‍സെ ഹൈദരാബാദിന് നേടാനായുള്ളു. അര്‍ജ്ജുന്‍ ടെന്‍ഡുല്‍ക്കര്‍ എറിഞ്ഞ അവസാന ഓവറില്‍ 20 റണ്‍സായിരുന്നു ഹൈദരാബാദിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. എന്നാല്‍ ആദ്യ നാലു പന്തില്‍ അഞ്ച് റണ്‍സ് മാത്രം വഴങ്ങിയ അര്‍ജ്ജുന്‍ അഞ്ചാം പന്തില്‍ ഭുവനേശ്വര്‍ കുമാറിനെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ കൈകളിലെത്തിച്ച് മുംബൈയുടെ ജയം പൂര്‍ത്തിയാക്കി. ഐപിഎല്ലില്‍ അര്‍ജ്ജുന്‍റെ ആദ്യ വിക്കറ്റാണിത്. നാലു ക്യാച്ചും ഒരു റണ്ണൗട്ടുമായി ടിം ഡേവിഡ് മുംബൈക്കായി ഫീല്‍ഡിംഗില്‍ തിളങ്ങി.ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത മുംബൈ കാമറൂൺ ഗ്രീനിന്‍റെ അര്‍ധസെഞ്ചുറി മികവിലാണ് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സെടുത്തത്. കാമറൂണ്‍ ഗ്രീന്‍ 40 പന്തില്‍ 64 റണ്‍സെടുത്ത് പുറത്താകാതെ നിന്നപ്പോള്‍ ഇഷാന്‍ കിഷന്‍(31 പന്തില്‍ 38), തിലക് വര്‍മ(17 പന്തില്‍ 37), ടിം ഡേവിഡ് (11 പന്തില്‍ 16*) ഏന്നിവരും മുംബൈക്കായി തിളങ്ങി. ഹൈദരാബാദിനായി മാര്‍ക്കോ ജാന്‍സന്‍ രണ്ട് വിക്കറ്റെടുത്തു