ബംഗളൂരു: ഐപിഎല്ലില്‍ ഇന്ന് നടന്ന മത്സരങ്ങളിൽ രാജസ്ഥാനെതിരെ ബാംഗ്ലൂരിനും,കൊൽക്കത്തക്കെതിരെ ചെന്നൈയ്ക്കും ജയം,ബംഗളൂരു ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ 190 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന് ആറ് വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സെടുക്കാനാണ് സാധിച്ചത്. ഹര്‍ഷല്‍ പട്ടേല്‍ മൂന്ന് വിക്കറ്റെടുത്തു. ദേവ്ദത്ത് പടിക്കല്‍ (34 പന്തില്‍ 52), യഷസ്വി ജെയ്‌സ്വാള്‍ (37 പന്തില്‍ 47), ധ്രുവ് ജുറല്‍ (16 പന്തില്‍ 34) എന്നിവരാണ് രാജസ്ഥാന്‍ നിരയില്‍ തിളങ്ങിയത്. സഞ്ജു സാംസണ്‍ 15 പന്തില്‍ 22 റണ്‍സുമായി മടങ്ങി. നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ആര്‍സിബിക്ക് ഫാഫ് ഡു പ്ലെസിസ് (62), ഗ്ലെന്‍ മാക്‌സ്‌വെല്‍ (77) എന്നിവരാണ് മികച്ച സ്‌കോറിലേക്ക് നയിച്ചത്. വിരാട് കോലി ഗോള്‍ഡന്‍ ഡക്കായി. ഒമ്പത് വിക്കറ്റ് നഷ്ടമായി. ട്രന്റ് ബോള്‍ട്ട്, സന്ദീപ് ശര്‍മ എന്നിവര്‍ക്ക് രണ്ട് വിക്കറ്റുണ്ട്. ആര്‍ അശ്വിന്‍, യൂസ്‌വേന്ദ്ര ചാഹല്‍ ഓരോ വിക്കറ്റ് വീഴ്ത്തി
രണ്ടാം മത്സരത്തിൽ സ്വന്തം കാണികൾക്ക് മുന്നിൽ കൊൽക്കത്തൻ സ്വപ്നങ്ങളുടെ ചിറകരിഞ്ഞ് ചെന്നൈ സൂപ്പർ കിംഗ്സ്. 49 റൺസിന്റെ മിന്നുന്ന വിജയമാണ് ധോണിയുടെ ചുണക്കുട്ടികളുടെ പട്ടാളം പിടിച്ചെടുത്തത്. ആദ്യം ബാറ്റ് ചെയ്ത സിഎസ്കെ നാല് വിക്കറ്റ് നഷ്ടത്തിൽ 235 റൺസാണ് അടിച്ചുകൂട്ടിയത്. കെകെആറിന്റെ മറുപടി എട്ട് വിക്കറ്റ് നഷ്ടത്തിൽ 186 റൺസിൽ അവസാനിച്ചു. ചെന്നൈക്കായി ഡെവോൺ കോൺവെ (56), അജിൻക്യ രഹാനെ (71*), ശിവം ദുബെ (50) എന്നിവർ മികച്ച പ്രകടനം കാഴ്ചവെച്ചു.
29 പന്തിൽ 71 റൺസ് നേടിയാണ് രഹാനെ പുറത്താകാതെ നിന്നത്. കെകെആറിനായി കുൽവന്ത് കെജ്‍രോലിയ രണ്ട് വിക്കറ്റുകൾ നേടി. മറുപടി ബാറ്റിംഗിൽ ജേസൺ റോയ് (61), റിങ്കു സിംഗ് (53) എന്നിവർക്ക് മാത്രമേ ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാനായുള്ളൂ. ചെന്നൈക്കായി തുഷാർ ദേശ്പാണ്ഡെ, തീക്ഷണ എന്നിവർ രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി.
കൂറ്റൻ വിജയലക്ഷ്യത്തിന് മുന്നിൽ പകച്ച കെകെആറിന്റെ തുടക്കം തിരിച്ചടി നേരിട്ട് കൊണ്ടായിരുന്നു. ആദ്യ രണ്ട് ഓവറുകൾ പൂർത്തിയാകും മുമ്പേ ഓപ്പണർമാരായ എൻ ജഗദീഷനും സുനിൽ നരേയ്നും ഡഗ്ഔട്ടിൽ തിരികെയെത്തി. പിന്നീട് ഒത്തുച്ചേർന്ന വെങ്കിടേഷ് അയ്യർ - നിതീഷ് റാണ കൂട്ടുക്കെട്ടാണ് ടീമിന് പ്രതീക്ഷകൾ നൽകിയത്. ഇരുവർക്കും കൂടുതൽ നേരം പിടിച്ച് നിൽക്കാനായില്ല. ജേസൺ റോയിയും റിങ്കും സിംഗും ചേർന്നതോടെ കെകെആർ സ്കോർ ബോർഡിലേക്ക് റൺസ് എത്തി. 19 പന്തിൽ 50 അടിച്ച ജേസൺ റോയ് ചെന്നൈയ്ക്ക് വെല്ലുവിളിയായി മാറിക്കൊണ്ടിരുന്നു.
എന്നാൽ തീക്ഷണ ഇംഗ്ലീഷ് താരത്തിന്റെ മിഡിൽ സ്റ്റംമ്പ് തന്നെ പിഴുതതോടെ ഈഡൻ വീണ്ടും നിരാശയിലായി. ഒരറ്റത്ത് റിങ്കു സിംഗ് പോരാട്ടം നയിച്ചത് മാത്രമാണ് കൊൽക്കത്തയ്ക്ക് ചെറിയ സന്തോഷത്തിന് വക നൽകിയത്. പക്ഷേ, 24 പന്തിൽ 80 റൺസ് വേണമെന്ന നിലയിലേക്ക് അപ്പോഴേക്കും കാര്യങ്ങൾ എത്തിയിരുന്നു. കൂറ്റനടികൾക്ക് പേരുകേട്ട ആന്ദ്രേ റസൽ വീണ്ടും നിരാശപ്പെടുത്തിയതോടെ സിഎസ്കെ വിജയം ഉറപ്പിച്ചു. കൂടുതൽ ഒന്നും ചെയ്യാനാകാതെ നോക്കി നിൽക്കാനേ റിങ്കു സിംഗിന് സാധിച്ചുള്ളൂ.