ഹൈദരാബാദ്: ഐപിഎല്ലില്‍ സീസണിലെ അവസാന സ്ഥാനക്കാർ തമ്മിലുള്ള പോരാട്ടത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് ഏഴ് റണ്‍സിന്‍റെ വിജയം. ഹൈദരാബാദില്‍ 145 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന സണ്‍റൈസേഴ്സ് ഹൈദരാബാദിന് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്‍ടത്തില്‍ 137 എടുക്കാനേ കഴിഞ്ഞുള്ളൂ. സീസണില്‍ ഡല്‍ഹി ടീമിന്‍റെ രണ്ടാം ജയമാണിത്. അവസാന ഓവറില്‍ 12 റണ്‍സ് പ്രതിരോധിക്കാനിറങ്ങിയ മുകേഷ് കുമാറാണ് ഡല്‍ഹിയെ ജയിപ്പിച്ചത്. ക്യാപിറ്റല്‍സിനായി നോർക്യയും അക്സറും രണ്ട് വീതവും ഇഷാന്തും കുല്‍ദീപും ഓരോ വിക്കറ്റും സ്വന്തമാക്കി
മറുപടി ബാറ്റിംഗില്‍ പവര്‍പ്ലേയ്‌ക്കിടെ ടീം സ്കോര്‍ 31ല്‍ നില്‍ക്കേ ഹാരി ബ്രൂക്കിനെ(14 പന്തില്‍ 7) ആന്‍റിച് നോര്‍ക്യ ബൗള്‍ഡാക്കിയെങ്കിലും ക്രീസില്‍ ഒരുവശത്ത് മായങ്ക് അഗര്‍വാള്‍ കാലുറപ്പിച്ചു. മായങ്കും ഇംപാക്‌ട് പ്ലെയര്‍ രാഹുല്‍ ത്രിപാഠിയും 11-ാം ഓവറില്‍ ടീമിനെ 60 കടത്തി. പിന്നാലെ മിച്ചല്‍ മാര്‍ഷിന്‍റെ പന്തില്‍ മായങ്കിനെ മുകേഷ് കൈവിട്ടു. എന്നാല്‍ മായങ്കിന് അധികം ആയുസുണ്ടായിരുന്നില്ല. 39 പന്തില്‍ 49 എടുത്ത് നില്‍ക്കേ അക്‌സര്‍ പട്ടേല്‍ പുറത്താക്കി. അമാന്‍ ഹക്കീം ഖാനായിരുന്നു ക്യാച്ച്. ഇംപാക്‌ട് പ്ലെയര്‍ ത്രിപാഠി(21 പന്തില്‍ 15) ഇഷാന്ത് ശര്‍മ്മയുടെ പന്തിലും യുവതാരം അഭിഷേക് ശര്‍മ്മ(5 പന്തില്‍ 5) കുല്‍ദീപ് യാദവിന്‍റെ പന്തിലും മടങ്ങിയതോടെ സണ്‍റൈസേഴ്‌സ് 13.3 ഓവറില്‍ 79-4. ക്യാപ്റ്റന്‍ ഏയ്‌ഡന്‍ മാര്‍ക്രമിനെ വന്നപോലെ(5 പന്തില്‍ 3) അക്‌സര്‍ പട്ടേല്‍ പറഞ്ഞച്ചതോടെ മത്സരത്തിന്‍റെ നിയന്ത്രണം ഡല്‍ഹിയുടെ പക്കലായി. ഇതിന് ശേഷം ഹെന്‍റിച്ച് ക്ലാസന്‍-വാഷിംഗ്ടണ്‍ സുന്ദർ വെടിക്കെട്ട് കൂട്ടുകെട്ട് ഡല്‍ഹിക്ക് ഭീഷണിയായി. ക്ലാസനെ(19 പന്തില്‍ 31) മടക്കി നോർക്യ കൂട്ടുകെട്ട് പൊളിച്ചപ്പോള്‍ മുകേഷ് കുമാറിന്‍റെ അവസാന ഓവറിലെ 13 റണ്‍സ് വിജയലക്ഷ്യം നേടാന്‍ സുന്ദറിനും(15 പന്തില്‍ 24*), മാർക്കോ യാന്‍സനും(3 പന്തില്‍ 2*) സാധിച്ചില്ല.
നേരത്തെ, ടോസ് നേടി ആദ്യം ബാറ്റിംഗിന് ഇറങ്ങിയ ഡല്‍ഹി ക്യാപിറ്റല്‍സ് 20 ഓവറില്‍ 9 വിക്കറ്റിനാണ് 144 റണ്‍സെടുത്തത്. തുടക്കത്തിലെ ബാറ്റിംഗ് തകര്‍ച്ച നേരിട്ടപ്പോള്‍ 34 റണ്‍സ് വീതമെടുത്ത മനീഷ് പാണ്ഡെയും അക്‌സര്‍ പട്ടേലും മാത്രമാണ് പൊരുതി നോക്കിയത്. വിക്കറ്റ് കീപ്പര്‍ ഫിലിപ് സാള്‍ട്ട് ഡോള്‍ഡന്‍ ഡക്കായും ഡേവിഡ് വാര്‍ണര്‍ 21നും മിച്ചല്‍ മാര്‍ഷ് 25നും അമാന്‍ ഹക്കീം ഖാന്‍ നാലിനും റിപാല്‍ പട്ടേല്‍ അഞ്ചിനും ആന്‍റിച് നോര്‍ക്യ രണ്ടിനും പുറത്തായപ്പോള്‍ നാല് റണ്ണുമായി കുല്‍ദീപ് യാദവും ഒരു റണ്ണുമായി ഇഷാന്ത് ശര്‍മ്മയും പുറത്താവാതെ നിന്നു. ഒരുവേള 62-5 എന്ന നിലയിലായിരുന്ന ഡല്‍ഹിയെ 131 റണ്‍സില്‍ എത്തിച്ച ശേഷമാണ് പാണ്ഡെ-അക്‌സര്‍ സഖ്യം പിരിഞ്ഞത്.
ഗംഭീര പ്രകടനമാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ബൗളര്‍മാര്‍ പുറത്തെടുത്തത്. വാഷിംഗ്‌ടണ്‍ സുന്ദര്‍ നാല് ഓവറില്‍ 28ന് മൂന്നും ഭുവനേശ്വര്‍ കുമാര്‍ നാല് ഓവറില്‍ വെറും 11 റണ്‍സിന് രണ്ടും ടി നടരാജന്‍ മൂന്ന് ഓവറില്‍ 21ന് ഒന്നും വിക്കറ്റ് സ്വന്തമാക്കി. 2.80 ആയിരുന്നു ഭുവിയുടെ ഇക്കോണമി. രണ്ട് ഓവറില്‍ 27 റണ്‍സ് വഴങ്ങിയ മാര്‍ക്കോ യാന്‍സന്‍ ഒഴികെയുള്ള ആറ് ബൗളര്‍മാരും 9ല്‍ താഴെ ഇക്കോണമിയിലാണ് പന്തെറിഞ്ഞത്.