ജയ്പുര്‍: സീസണിലെ രണ്ടാം പോരിലും ചെന്നൈ സൂപ്പര്‍ കിംഗ്സിനെ കശക്കിയെറിഞ്ഞ് സഞ്ജു സാംസണിന്‍റെ റോയല്‍സ് സംഘം. രാജസ്ഥാൻ റോയല്‍സ് ഉയര്‍ത്തിയ 203 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈയുടെ പോരാട്ടം ആറ് വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സില്‍ അവസാനിച്ചു. യശ്വസി ജയ്സ്‍വാളിന്‍റെ അര്‍ധ സെഞ്ചുറി കരുത്തിലാണ് രാജസ്ഥാൻ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ കൂറ്റൻ സ്കോര്‍ കുറിച്ചത്.
43 പന്തില്‍ 77 റണ്‍സാണ് ജയ്സ്‍വാള്‍ കുറിച്ചത്. 15 പന്തില്‍ 34 റണ്‍സെടുത്ത ധ്രുവ് ജുറലിന്‍റെ പ്രകടനവും നിര്‍ണായകമായി. ചെന്നൈക്കായി തുഷാര്‍ ദേശ്പാണ്ഡെ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. മറുപടി ബാറ്റിംഗില്‍ ശിവം ദുബെ (52), റുതുരാജ് ഗെയ്ക്‍വാദ് (47) എന്നിവരാണ് ചെന്നൈക്കായി പൊരുതി നോക്കിയത്. രാജസ്ഥാന്‍റെ ആദം സാംപ മൂന്ന് വിക്കറ്റുകളുമായി മിന്നി തിളങ്ങി.