ഹൈദരാബാദ്: സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ ഇന്ന് നടന്ന ഐ.പി.എൽ മത്സരത്തിൽ നാടകാന്ത്യം കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് വിജയം. കൊൽക്കത്ത ഉയർത്തിയ 172 റൺസ് വിജയ ലക്ഷ്യം മറികടക്കാനുള്ള ഹൈദരാബാദിന്റെ ശ്രമം 166 റൺസ് വരെയെത്തി. അവസാന ഓവറിൽ എട്ട് റൺസ് വേണ്ടിയിരുന്നു നൈസാമിന്റെ നാട്ടുകാർക്ക്. എന്നാൽ വരുൺ ചക്രവർത്തിയെറിഞ്ഞ ഓവറിൽ മൂന്നു റൺസാണ് നേടാനായത്. കൂറ്റനടിക്കാരനായ അബ്ദു സമദിന്റെ വിക്കറ്റ് നഷ്ടമാകുകയും ചെയ്തു.
വൈഭവ് അറോറയും ഷർദുൽ താക്കൂറും കൊൽക്കത്തയ്ക്കായി രണ്ട് വിക്കറ്റ് വീഴ്ത്തി. ഹർഷിത് റാണ, ആൻഡ്രേ റസ്സൽ, അനുകുൽ റോയ്, വരുൺ എന്നിവർ ഓരോ വിക്കറ്റും നേടി. നായകൻ എയ്ഡൻ മർക്രം (41), ഹെൻട്രിച്ച് ക്ലാസൻ (36), എന്നിവരാണ് ഹൈദരാബാദ് നിരയിൽ തിളങ്ങിയത്.
നേരത്തെ ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ കൊൽക്കത്ത നിതീഷ് റാണയുടേയും റിങ്കു സിങ്ങിന്റേയും മികവിൽ 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 171 റൺസെടുക്കുകയായിരുന്നു. നിതീഷ് റാണ 42ഉം റിങ്കു സിങ് 46 ഉം റൺസെടുത്തു.
രണ്ടാം ഓവറിൽ തന്നെ ഓപ്പണർ റഹ്മാനുല്ലാഹ് ഗുർബാസിനെയും വെങ്കിടേഷ് അയ്യറേയും കൊൽക്കത്തക്ക് നഷ്ടമായി. അഞ്ചാം ഓവറിൽ 20 റൺസെടുത്ത ജേസൺ റോയി കാർത്തിക് ത്യാഗിക്ക് വിക്കറ്റ് നൽകി മടങ്ങിയതോടെ പ്രതിരോധത്തിലായ കൊൽക്കത്തയെ റിങ്കു സിങ്ങും നിതീഷ് റാണയും ചേർന്ന് ഭേദപ്പെട്ട സ്‌കോറിലെത്തിക്കുകയിയരുന്നു. കൊൽക്കത്തക്കായി ആന്ദ്രേ റസൽ 24 റൺസെടുത്ത് പുറത്തായി. ഹൈദരാബാദിനായി മായങ്ക് മാർകണ്ഡേയും മാർകോ ജാൻസെണും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.