അഹമ്മദാബാദ്: ഐപിഎല്ലില്‍ ലഖ്നൗ സൂപ്പര്‍ ജയന്‍റ്സിന്‍റെ പ്ലേ ഓഫ് മോഹങ്ങള്‍ക്ക് കരിനിഴല്‍ വീഴ്ത്തി മിന്നുന്ന വിജയവുമായി ഗുജറാത്ത് ടൈറ്റൻസ്. അഹമ്മദാബാദില്‍ 56 റണ്‍സിന്‍റെ വിജയമാണ് ഹാര്‍ദിക് പാണ്ഡ്യയും സംഘവും പേരില്‍ കുറിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് രണ്ട് വിക്കറ്റുകള്‍ മാത്രം നഷ്ടപ്പെടുത്തി 227 റണ്‍സാണ് കുറിച്ചത്. ലഖ്നൗവിന്‍റെ മറുപടി ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സില്‍ അവസാനിച്ചു. ഓപ്പണര്‍മാരായ ശുഭ്മാന്‍ ഗില്ലിന്‍റെയും വൃദ്ധിമാന്‍ സാഹയുടെയും വെടിക്കെട്ട് അര്‍ധ സെഞ്ചുറികളുടെ മികവിലാണ് ടൈറ്റൻസ് കുതിച്ചത്. സാഹ 43 പന്തില്‍ 81 റണ്‍സെടുത്ത് പുറത്തായപ്പോള്‍ ഗില്‍ 51 പന്തില്‍ 94 റണ്‍സുമായി പുറത്താകാതെ നിന്നു. മറുപടിയില്‍ ക്വന്‍റണ്‍ ഡി കോക്കിന്‍റെ അര്‍ധ സെഞ്ചുറിയാണ് ലഖ്നൗവിന് തുണയായത്. 29 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് നേടിയ മോഹിത് ശര്‍മ്മ ലഖ്നൗവിനെ തകര്‍ത്തിട്ടു,ടോസിലെ നഷ്ടം ഗുജറാത്തിനെ ബാറ്റിംഗില്‍ ബാധിച്ചില്ല. തുടക്കം മുതല്‍ തകര്‍ത്തടിച്ച സാഹയുടെ മികവിലാണ് ഗുജറാത്ത് പവര്‍ പ്ലേയില്‍ പവർ കാട്ടിയത്. ആറോവറില്‍ 78 റണ്‍സടിച്ചപ്പോള്‍ സാഹ 20 പന്തില്‍ അര്‍ധ സെഞ്ചുറിയിലെത്തിയിരുന്നു. സാഹ തകര്‍ത്തടിക്കുമ്പോള്‍ കാഴ്ചക്കാരനായി നിന്ന ഗില്‍ പവര്‍ പ്ലേക്ക് ശേഷം കടിഞ്ഞാണ്‍ ഏറ്റെടുത്തു. ഒമ്പതാം ഓവറില്‍ ഗുജറാത്ത് 100 കടന്നതിന് പിന്നാലെ 29 പന്തില്‍ ഗില്‍ അര്‍ധസെഞ്ചുറിയിലെത്തി.
പതിമൂന്നാം ഓവറിലാണ് സാഹയെ വീഴ്ത്തി ആവേശ് ഖാന്‍ ലഖ്നൗവിന് ആശ്വസിക്കാന്‍ വക നല്‍കിയത്. 43 പന്തില്‍ 10 ഫോറും നാലു സിക്സും പറത്തിയാണ് സാഹ 81 റണ്‍സടിച്ചത്. സാഹ പുറത്തായശേഷം ക്രീസിലെത്തിയ ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയും മോശമാക്കിയില്ല. മാര്‍ക്കസ് സ്റ്റോയിനിസിന്‍റെ ഒരോവറില്‍ സാഹയും പാണ്ഡ്യയും ചേര്‍ന്ന് 20 റണ്‍സ് അടിച്ചുകൂട്ടി ഗുജറാത്തിനെ 150 കടത്തി. പതിനഞ്ചാം ഓവറില്‍ 176 റണ്‍സിലെത്തിയ ഗുജറാത്തിന് പതിനാറാം ഓവറില്‍ 15 പന്തില്‍ 25 റണ്‍സെടുത്ത ഹാര്‍ദ്ദിക്കിനെ നഷ്ടമായെങ്കിലും പിന്നീടെത്തിയ മില്ലറും ഗില്ലും ചേര്‍ന്ന് അവരെ 227 റണ്‍സിലെത്തിച്ചു.
അര്‍ഹിച്ച സെഞ്ചുറി ഗില്ലിന് നഷ്ടമായങ്കിലും 51 പന്തില്‍ ഏഴ് സിക്സും രണ്ട് ഫോറും പറത്തിയ ഗില്‍ 94 റണ്‍സുമായി പുറത്താകാതെ നിന്ന. ഡേവിഡ് മില്ലര്‍ രണ്ട് ഫോറും ഒരു സിക്സും പറത്തി 12 പന്തില്‍ 21 റണ്‍സെടുത്തു. ലഖ്നൗവിനായി മൊഹ്സിന്‍ ഖാനും ആവേശ് ഖാനും ഓരോ വിക്കറ്റെടുത്തു.
വമ്പൻ വിജയലക്ഷ്യം മുന്നിലുള്ളതിനാല്‍ തകര്‍ത്തടിച്ചാണ് ലഖ്നൗവും തുടങ്ങിയത്. കൈല്‍ മയേഴ്സിനൊപ്പം ഈ സീസണില്‍ ആദ്യമായി അവസരം കിട്ടിയ ക്വന്‍റണ്‍ ഡി കോക്കും മുഹമ്മദ് ഷമിയെയും ഹാര്‍ദിക് പാണ്ഡ്യയെയും നല്ല രീതിയില്‍ തന്നെ കൈകാര്യം ചെയ്തു. ലഖ്നൗ രണ്ടു കല്‍പ്പിച്ചാണെന്ന് കരുതിയിരിക്കുമ്പോള്‍ മയേഴ്സിനെ പുറത്താക്കി കൊണ്ട് മോഹിത് ശര്‍മ്മ ഗുജറാത്തിന് ആശ്വാസം നല്‍കി. 32 പന്തില്‍ 48 റണ്‍സാണ് മയേഴ്സ് കുറിച്ചത്. ദീപക് ഹൂഡയെ ഷമിയും വീഴ്ത്തിയതോടെ ഗുജറാത്ത് ആധിപത്യം ഉറപ്പിച്ചു.
ആദ്യ ഓവറുകളിലെ റണ്‍ റേറ്റ് റാഷിദ് ഖാൻ, നൂര്‍ അഹമ്മദ് എന്നിവര്‍ എത്തിയതോടെ നിലനിര്‍ത്താനും ലഖ്നൗവിന് സാധിച്ചില്ല. പ്രതീക്ഷകളുടെ അമിത ഭാരവുമായി എത്തിയ മാര്‍ക്കസ് സ്റ്റോയിനിസിനെയും വളരാൻ അനുവദിക്കാതെ മോഹിത് ശര്‍മ്മ മടക്കിയതോടെ ലഖ്നൗവില്‍ നിന്ന് വിജയ സ്വപ്നങ്ങള്‍ അകന്നു. റാഷിദ് ഖാൻ ഡി കോക്കിനും നൂര്‍ അഹമ്മദ് നിക്കോളാസ് പുരാനും മടക്ക ടിക്കറ്റ് നല്‍കിയതോടെ ഗുജറാത്ത് വിജയം ഉറപ്പിച്ചു. 41 പന്തില്‍ 70 റണ്‍സാണ് ഡി കോക്ക് കുറിച്ചത്. 10 പന്തില്‍ 21 റണ്‍സുമായി ആയുഷ് ബദോണി ഒരിക്കല്‍ കൂടി പ്രതിഭ തെളിയിച്ചു.