കൊല്‍ക്കത്ത: പ്ലേ ഓഫ് പ്രതീക്ഷകള്‍ നിലനിര്‍ത്തുന്നതിനുള്ള നിര്‍ണായക പോരില്‍ വിജയം കുറിച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്‍റെ ഹീറോയിസം. പഞ്ചാബ് കിംഗ്സ് ഉയര്‍ത്തിയ 180 റണ്‍സ് വിജയലക്ഷ്യം അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് ഈഡന്‍റെ പ്രിയപ്പെട്ടവര്‍ മറികടന്നത്. കൊല്‍ക്കത്തയ്ക്ക് വേണ്ടി നായകൻ നിതീഷ് റാണ (51), ആന്ദ്രേ റസല്‍ (42), റിങ്കു സിംഗ് (21) പോരാട്ടം നയിച്ചു. സമ്മര്‍ദ്ദമേറിയ സമയത്ത് രണ്ട് വിക്കറ്റുകള്‍ നേടിയ രാഹുല്‍ ചഹാറാണ് പഞ്ചാബിനെ പിടിച്ച് നിര്‍ത്തിയത്. അര്‍ധ സെഞ്ചുറി നേടിയ ശിഖര്‍ ധവാനാണ് പഞ്ചാബ് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തത്. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ഷാരുഖ് ഖാനും (21) ഹര്‍പ്രീത് ബ്രാറും (17) നടത്തിയ പോരാട്ടവും കിംഗ്സിനെ തുണച്ചു. കൊല്‍ക്കത്തയ്ക്കായി വരുണ്‍ ചക്രവര്‍ത്തി മൂന്ന് വിക്കറ്റുകള്‍ പേരിലാക്കി.
ടോസ് നേടി ബാറ്റിംഗിന് ഇറങ്ങിയ പഞ്ചാബ് സ്വപ്നം കണ്ട ഒരു തുടക്കമല്ല ലഭിച്ചത്. ടീം സ്കോര്‍ 21ല്‍ എത്തിയപ്പോള്‍ പ്രഭ്സിമ്രാൻ സിംഗ് മടങ്ങി. മാത്യൂ ഷോര്‍ട്ടിന് പകരമെത്തിയ ഭനുക രജ്പക്സെ വന്നതും നിന്നുതും പോയതുമെല്ലാം അതിവേഗത്തിലായിരുന്നു. സ്കോര്‍ ബോര്‍ഡില്‍ ഒരു റണ്‍സ് പോലും ചേര്‍ക്കാൻ ഹര്‍ഷിത് റാണ അനുവദിച്ചില്ല. ലിയാം ലിവംഗ്സ്റ്റോണിനും കൂടുതല്‍ സമയം പിടിച്ച് നില്‍ക്കാനുള്ള അവസരം കൊല്‍ക്കത്ത കൊടുത്തില്ല.പക്ഷേ, ഒരറ്റത്ത് പിടിച്ച് നിന്ന് ശിഖര്‍ ധവാനൊപ്പം ജിതേഷ് ശര്‍മ്മ എത്തിയതോടെ പഞ്ചാബ് മെച്ചപ്പെട്ട നിലയിലേക്കെത്തി. ഈ കൂട്ടുക്കെട്ട് ഭീഷണിയാകുമെന്ന ഘട്ടത്തില്‍ കൊല്‍ക്കത്ത തിരിച്ചടിച്ചു. വരുണ്‍ ചക്രവര്‍ത്തി ജിതേഷിനെയും കൊല്‍ക്കത്തൻ നായകൻ നിതീഷ് റാണ പഞ്ചാബിന്‍റെ കപ്പിത്താൻ ശിഖര്‍ ധാവനെയും വീഴ്ത്തിയതോടെ ഈഡനില്‍ ആരവം ഉയര്‍ന്നു. 47 പന്തില്‍ 57 റണ്‍സാണ് ധവാൻ നേടിയത്. ടീമിനെ രക്ഷിക്കുമെന്ന കരുതിയ സാം കറൻ ഒമ്പത് പന്തില്‍ നാല് റണ്‍സ് മാത്രം നേടി ഡഗ് ഔട്ടില്‍ തിരിച്ചെത്തി. അവസാന ഓവറുകളില്‍ ഷാരുഖ് ഖാനും ഹര്‍പ്രീത് ബ്രാറും മിന്നിയതോടെയാണ് പഞ്ചാബ് മികച്ച സ്കോറിലേക്ക് എത്തിയത്.
ഭേദപ്പെട്ട തുടക്കമാണ് കൊല്‍ക്കത്തയ്ക്ക് ലഭിച്ചത്. പവര്‍ പ്ലേയില്‍ തന്നെ റഹ്മനുള്ള ഗുര്‍ഭാസ് പുറത്തായെങ്കിലും ഇംപാക്ട് പ്ലെയറായി എത്തിയ ജേസണ്‍ റോയിയും നിതീഷ് റാണയും റണ്‍ റേറ്റ് കുറയാതെ കാത്തു. റോയ് മടങ്ങിയെങ്കിലും നിതീഷ് റാണ ഒരറ്റത്ത് നിലയുറപ്പിച്ചത് കൊല്‍ക്കത്തയ്ക്ക് ആശ്വാസമായി. അര്‍ധ സെഞ്ചുറി കുറിച്ച റാണയെയും ഒപ്പം നിന്ന വെങ്കിടേഷ് അയ്യരെയും വീഴ്ത്തി രാഹുല്‍ ചഹാര്‍ പഞ്ചാബിനെ മത്സരത്തിലേക്ക് തിരികെ കൊണ്ട് വന്നു.
മത്സരം ഇതോടെ ആവേശക്കൊടുമുടിയിലേക്ക് നീങ്ങി. ആന്ദ്രേ റസലിലും റിങ്കു സിംഗിലുമാണ് കൊല്‍ക്കത്ത പ്രതീക്ഷ അര്‍പ്പിച്ചത്. 18 പന്തില്‍ 36 റണ്‍സാണ് കൊല്‍ക്കത്തയ്ക്ക് വേണ്ടിയിരുന്നത്. രണ്ട് ഫോറുകള്‍ നേടി ഈഡൻ ഗാര്‍ഡൻസിനെ റസലും റിങ്കുവും ത്രസിപ്പിച്ചു. അടുത്ത ഓവറില്‍ മൂന്ന് സിക്സ് പായിച്ച് റസല്‍ സാം കുറാനെ ശിക്ഷിച്ചു. അവസാന ഓവറില്‍ റസല്‍ - റിങ്കു സഖ്യം അനായാസം വിജയം കൊണ്ട് വരുമെന്ന് പ്രതീക്ഷിച്ചെങ്കിലും പഞ്ചാബ് പൊരുതി. ബൈ റണ്‍ ഓടാൻ ശ്രമിച്ച റസല്‍ റണ്‍ ഔട്ട് ആയതോടെ ഒരു പന്തില്‍ രണ്ട് റണ്‍സ് വേണമെന്ന നിലയിലായി കൊല്‍ക്കത്ത. ഒരിക്കല്‍ കൂടി റിങ്കു സിംഗ് ഹീറോ ആയതോടെ ഈഡൻ ഗാര്‍ഡൻസ് ആഘോഷത്തിമിര്‍പ്പിലായി.