ബൗളർമാർ കളം നിറഞ്ഞ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെ 27 റണ്‍സിന് കീഴടക്കി ചെന്നൈ സൂപ്പർകിങ്‌സ്. 167 റൺസ് പിന്തുടർന്ന ഡൽഹി നിരയിൽ 35 റൺസ് നേടിയ റിലേ റൂസോ മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. ജയത്തോടെ ധോണിപ്പട പ്ലേ ഓഫ് സാധ്യത സജീവമാക്കി.
പിന്തുടർന്ന് ജയിക്കാൻ വലിയ ബുദ്ധിമുട്ടില്ലാത്ത സ്‌കോറാണ് ചെന്നൈ ഡൽഹിക്ക് മുന്നിൽ വച്ചതെങ്കിലും ഡൽഹി ബാറ്റിങ് നിര കളി മറന്നു. കളിയുടെ തുടക്കത്തിൽ ആദ്യ ഓവറിലെ രണ്ടാം ബോളിൽ തന്നെ ദീപക് ചഹാർ ഡൽഹിയെ പ്രഹരിച്ചത് വാർണറെ പുറത്താക്കികൊണ്ടാണ്. ടീം 20 ൽ നിൽക്കെ ഫിലിപ് സാൾട്ടും കൂടാരം കയറി. വീണ്ടും വില്ലനായത് ചഹാർ തന്നെ. അധികം വൈകിയില്ല റണ്ണൗട്ടിലൂടെ മിച്ചൽ മാർഷും പുറത്ത്.
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ചെന്നൈ മധ്യനിരയുടെയും അവസാന ഓവറുകളില്‍ ആക്രമിച്ചു കളിച്ച ധോണിയുടെയും ബാറ്റിങ് കരുത്തിലാണ് എട്ട് വിക്കറ്റ് നഷ്ടത്തിൽ 167 റണ്‍സ് നേടിയത്. ചെന്നൈയുടെ തുടക്കം പതിഞ്ഞ താളത്തിലായിരുന്നു. പവർപ്ലേ ഓവറുകൾ അവസാനിച്ചപ്പോൾ തന്നെ 49 റൺസിന് രണ്ട് വിക്കറ്റ് എന്ന നിലയിലായിരുന്നു ടീം. ഇതിനിടയിൽ ഓപ്പണർമാരായ ഡേവോൺ കോൺവെ (10), റിതുരാജ് ഗെയ്കവാദ് (24) എന്നിവർ പുറത്തായി. അക്സർ പട്ടേലിനായിരുന്നു രണ്ട് വിക്കറ്റുകളും. പിന്നാലെ എത്തിയ മൊയിൻ അലി ഏഴ് റൺസിനും രഹാനെ 21 റൺസിനും കൂടാരം കയറി. നാല് പ്രധാന വിക്കറ്റുകൾ വീണതോടെ ചെന്നൈ താരങ്ങൾ സൂക്ഷിച്ച് ബാറ്റ് വീശി. ശിവം ദുബെയും അമ്പാട്ടി റായുഡുവും ചെന്നൈ സ്‌കോർ പതുക്കെ ഉയർത്തി
മൂന്ന് സികസറുകളുടെ പിൻബലത്തിൽ 12 ബോളിൽ 25 റൺസിൽ നിൽക്കെ മിച്ചൽ മാർഷ് ദുബെയെ വീഴ്ത്തി. 23 റൺസ് സംഭാവന ചെയ്ത് റായുഡുവും കൂടാരം കയറി. എന്നാല്‍ 16.2 ഓവറിൽ ആറിന് 126 റൺസ് എന്ന നിലയിലായിരുന്നു ടീമിനെ രക്ഷിക്കേണ്ട ചുമതല ക്രീസിലെത്തിയ ക്യാപ്റ്റന് കയ്യിലായി. രവീന്ദ്ര ജഡേജ ധോണിക്കൊപ്പം ചേർന്ന് സ്കോർ ഉയർത്തി. 16 ബോളിൽ 21 റൺസെടുത്ത് ജഡേജ കളം വിട്ടു. അവസാന ഓവറുകളിൽ ധോണി തന്റെ ഉഗ്രരൂപം പുറത്തെടുത്തു. അക്രമിച്ചു കളിക്കുന്നതിനിടെ ജഡേജയെ വീഴ്ത്തിയ മാർഷ് ധോണിയെയും പുറത്താക്കി. ക്രീസ് വിടുമ്പോള്‍ ഒമ്പത് ബോളില്‍ 20 റണ്‍സാണ് തലയുടെ സംഭാവന.