മുംബൈ ഇന്ത്യൻസിനെതിരെ ലക്‌നൗ സൂപ്പർ ജയ്ന്റ്‌സിന് അഞ്ച് റണ്‍സ് ജയം. അത്യന്തം ആവേശം നിറഞ്ഞ മത്സരം മുംബൈയുടെ കയ്യില്‍ നിന്ന് ലക്നൌ പിടിച്ചുവാങ്ങുകയായിരുന്നു. ജയത്തോടെ ലക്‌നൗ പ്ലേ ഓഫ് സാധ്യത സജീവമാക്കി. മികച്ച രീതിയില്‍ പന്തെറിഞ്ഞ രവി ബിഷണോയിയാണ് ലക്‌നൗ വിജയം എളുപ്പമാക്കിയത്. നാല് ഓവറിൽ 26 റൺസ് വിട്ടുകൊടുത്ത് രണ്ട് പ്രധാന വിക്കറ്റുകളാണ് ബിഷണോയ് നേടിയത്. യാഷ് താക്കൂറും രണ്ട് വിക്കറ്റ് വീഴ്ത്തി.
സ്‌റ്റോണിസിന്റെ ബാറ്റിങ് മികവിൽ ലക്‌നൗ 177 എന്ന മികച്ച സ്‌കോർ മുംബൈക്ക് മുന്നിൽ ഉയർത്തിയെങ്കിലും വലിയ റൺ ചെയ്‌സ് ചെയ്ത് ജയിക്കുന്ന മുംബൈക്ക് ഇത് ബാലികേറാമാല അല്ലെന്നായിരുന്നു ആരാധകരും കരുതിയത്. മികച്ച തുടക്കം നൽകി ഇഷാൻ കിഷനും രോഹിത് ശർമയും ലക്‌നൗ ബൗളർമാരെ പ്രഹരിച്ചു. പവർ പ്ലേയിൽ ഇരുവരും നന്നായി ബാറ്റ് വീശി. എന്നാൽ ടീം 90 ൽ നിൽക്കെ രോഹിത് വീണു. രവി ബിഷണോയിയാണ് രോഹിതിനെ കൂടാരം കയറ്റിയത്. മറ്റു കളികളിൽ നിന്ന് വ്യത്യസ്തമായി 37 റൺസാണ് രോഹിത് ടീമിന് സംഭവന ചെയ്തത്
കിഷൻ മറുവശത്ത് തകർത്തടിച്ചു. എന്നാൽ അർധ സെഞ്ച്വുറി നേടിയ കിഷനും കൂടാരം കയറി. ഇവിടെയും വില്ലനായത് ബിഷണോയി. പിന്നാലെ എത്തിയ സൂര്യകുമാർ യാദവും നെഹാൽ വധേരയും കളി മുംബൈക്ക് അനുകൂലമാക്കി മാറ്റുമെന്ന് വിചാരിച്ചെങ്കിലും അവിടെ പിഴച്ചു. ഏഴ് റണ്ണിന് സൂര്യയും 16 റണ്ണിന് വധേരയും കൂടാരം കയറി. അവിടെ ലക്‌നൗ കളി തിരിച്ചു പിടിച്ചു. ടിം ഡേവിഡിന്റെയും വിഷ്ണു വിനോദിന്റെയും ഊഴമായിരുന്നു പിന്നീട്. എന്നാൽ രണ്ട് റൺസെടുത്ത് വിഷ്ണു വിനോദ് കൂടാരം കയറി. അവസാന ഓവറുകളില്‍ ടിം ഡേവിഡും ഗ്രീനും പ്രതീക്ഷ നല്‍കിയെങ്കിലും ജയത്തിന് അഞ്ച് റണ്‍സ് അകലെ മുംബൈ വീണു.
ഓപ്പണർമാർ കളിമറന്ന മത്സരത്തിൽ തകർത്തടിച്ച മാർക്കസ് സ്റ്റോണിസാണ് ലക്‌നൗവിന് മികച്ച സ്‌കോർ സമ്മാനിച്ചത്.47 ബോളിൽ 89 റൺസാണ് സ്‌റ്റോയിനിസ് അടിച്ചുകൂട്ടിയത്.ടോസ് നേടിയ മുംബൈ ലക്‌നൗവിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. കളിയുടെ തുടക്കത്തിൽ തന്നെ മികച്ച രീതിയിൽ പന്തെറിഞ്ഞ മുംബൈ ബോളർമാർക്ക് മുന്നിൽ പിടിച്ചുനിൽക്കാൻ ലക്‌നൗ നിരക്ക് കഴിയാതെ പതറുന്നതാണ് കണ്ടത്. മൂന്നാം ഓവറിൽ ബെൻഡ്രോഫിന് വിക്കറ്റ് നൽകി അഞ്ച് റൺസെടുത്ത ദീപക് ഹൂഡ മടങ്ങി. തൊട്ടു പിന്നാലെ ടീം 12 റണ്ണിൽ നിൽക്കെ പൂജ്യത്തിന് പ്രേരക് മങ്കടും കൂടാരം കയറി. മികച്ച തുടക്കവുമായി ഡീകോക്ക് ലക്‌നൗവിന് പ്രതീക്ഷ നൽകി. എന്നാൽ ഏഴാം ഓവറിൽ ചൗള ഡീകോക്കിനെ വീഴ്ത്തി. 15 ബോളിൽ നിന്ന് 16 റൺസാണ് ഡീകോക്കിന്റെ സംഭാവന. പിന്നീടാണ് ക്യാപ്റ്റൻ പാണ്ഡ്യയും സ്റ്റോയിനിസും ലക്‌നൗ സ്‌കോർ പതുക്കെ ഉയർത്തിയത്. സൂക്ഷിച്ച് ബാറ്റ് വീശിയ ഇരുവരും ഇടക്ക് ബൗണ്ടറികൾ കണ്ടെത്തി
49 റൺസിൽ നിൽക്കെ പിരിക്കേറ്റ കൃണാലിന് പകരം പൂരൻ ക്രീസിലെത്തി. പിന്നീട് സ്റ്റോയിനിസും പൂരനും സ്‌കോർ അതിവേഗം ഉയർത്തി. അർധ സെഞ്ച്വുറി നേടിയ സ്‌റ്റോയിനിസ് അപകടകാരിയായിരുന്നു. മുംബൈ ബൗളർമാരെ പ്രഹരിച്ചുകൊണ്ടേയിരുന്നു. ജോർദാൻ എറിഞ്ഞ പതിനെട്ടാം ഓവറിൽ 24റൺസാണ് സ്‌റ്റോയിനിസ് അടിച്ചെടുത്തത്. മുംബൈക്കായി ജേസൻ ബെഹ്റെൻഡോർഫ് രണ്ട് വിക്കറ്റും പിയൂഷ് ചൌള ഒരു വിക്കറ്റും വീഴ്ത്തി.