ഹൈദരാബാദ്:ഐപിഎല്‍ പതിനാറാം സീസണില്‍ പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്താനുള്ള ജീവന്‍മരണ പോരാട്ടത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂർ 8 വിക്കറ്റിന്‍റെ ജയം സ്വന്തമാക്കി. 187 റണ്‍സ് വിജയലക്ഷ്യം 19.2 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ബാംഗ്ലൂർ സ്വന്തമാക്കുകയായിരുന്നു. വിരാട് കോലി പന്തില്‍ 63 ബോളില്‍ 100 ഉം, ഫാഫ് ഡുപ്ലസിസ് 47 പന്തില്‍ 71 ഉം റണ്‍സുമായി മടങ്ങി. ഗ്ലെന്‍ മാക്സ്‍വെല്‍ 3 പന്തില്‍ 5* ഉം, മൈക്കല്‍ ബ്രേസ്‍വെല്‍ 4 പന്തില്‍ 4* ഉം റണ്‍സുമായി ടീമിനെ ജയിപ്പിച്ചു. സണ്‍റൈസേഴ്‌സിനായി ക്ലാസ് സെഞ്ചുറി നേടിയ ഹെന്‍റിച്ച് ക്ലാസന്‍റെ ഇന്നിംഗ്സ് പാഴായി.
നേരത്തെ, ടോസ് നഷ്‌ടമായി ബാറ്റിംഗിനിറങ്ങിയ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് വിക്കറ്റ് നഷ്‌ടങ്ങളോടെയായിരുന്നു തുടക്കം. 4.3 ഓവറില്‍ 28 റണ്‍സിനിടെ ഓപ്പണര്‍മാരെ സണ്‍റൈസേഴ്‌സിന് നഷ്‌ടമായി. പേസര്‍മാരായ മുഹമ്മദ് സിറാജിന്‍റെയും വെയ്‌ന്‍ പാര്‍നലിന്‍റേയും ആദ്യ സ്‌പെല്ലിന് ശേഷം മൈക്കല്‍ ബ്രേസ്‌വെല്ലാണ് ഇരു വിക്കറ്റുകളും വീഴ്‌ത്തിയത്. ഇന്നിംഗ്‌സിലെ അഞ്ചാം ഓവറിലെ ആദ്യ പന്തില്‍ അഭിഷേക് ശര്‍മ്മയെയും(14 പന്തില്‍ 11), മൂന്നാം ബോളില്‍ രാഹുല്‍ ത്രിപാഠിയേയും(12 പന്തില്‍) ബ്രേസ്‌വെല്‍ പുറത്താക്കുകയായിരുന്നു. എങ്കിലും പവര്‍പ്ലേ പൂര്‍ത്തിയാകുമ്പോള്‍ കൂടുതല്‍ നഷ്‌ടമില്ലാതെ 49-2 എന്ന നിലയിലെത്തി ടീം. നായകന്‍ ഏയ്‌ഡന്‍ മാര്‍ക്രാമിനെ സാക്ഷിയാക്കി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഹെന്‍റിച്ച് ക്ലാസന്‍ തകര്‍ത്തടിക്കുന്നതാണ് പിന്നീട് കണ്ടത്.
രണ്ട് വിക്കറ്റ് വീണിട്ടും പതറാതെ കളിച്ച ക്ലാസന്‍ 24 പന്തില്‍ അര്‍ധസെഞ്ചുറി കണ്ടെത്തിയതോടെ 12-ാം ഓവറില്‍ സണ്‍റൈസേഴ്‌സ് സ്കോര്‍ ബോര്‍ഡ‍് 100 തൊട്ടു. 13-ാം ഓവറിലെ അഞ്ചാം പന്തില്‍ റിവേഴ്‌സ് സ്വീപ്പിന് ശ്രമിച്ച മാര്‍ക്രമിനെ(20 പന്തില്‍ 18) ബൗള്‍ഡാക്കി ഷഹ്‌ബാസ് അഹമ്മദാണ് 76 റണ്‍സ് നീണ്ട ഈ കൂട്ടുകെട്ട് പൊളിച്ചത്. 16 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ എന്ന നിലയിലായിരുന്നു സണ്‍റൈസേഴ്‌സ്. ഇതിന് ശേഷം ഷഹ്‌ബാസിനെ തുടര്‍ച്ചയായ സിക്‌സുകള്‍ക്ക് ക്ലാസന്‍ പറത്തി. ഹര്‍ഷല്‍ പട്ടേലിന്‍റെ 19-ാം ഓവറില്‍ തകര്‍പ്പന്‍ സിക്‌സോടെ ക്ലാസന്‍ 49 ബോളില്‍ തന്‍റെ ക്ലാസ് ശതകം തികച്ചു. പിന്നാലെ ഹര്‍ഷല്‍ ബൗള്‍ഡാക്കിയെങ്കിലും ക്ലാസന്‍റെ ഇന്നിംഗ്‌സ് എതിരാളികളുടെ പോലും കയ്യടി വാങ്ങി. 4 റണ്‍സ് മാത്രം വിട്ടുകൊടുത്ത സിറാജിന്‍റെ അവസാന ഓവറാണ് 200 കടക്കുന്നതില്‍ നിന്ന് സണ്‍റൈസേഴ്‌സിനെ തടഞ്ഞത്. അവസാന പന്തില്‍ ഗ്ലെന്‍ ഫിലിപ്‌സ്(4 പന്തില്‍ 5) പുറത്താവുകയും ചെയ്തു.