ധരംശാല: രാജസ്ഥാന് ഇന്ന് ആശ്വാസം. അവസാന നിമിഷം വരെ പോരാടിയ മത്സരത്തിൽ പഞ്ചാബിനെതിരെ നാല് വിക്കറ്റ് ജയം. 188 റൺസിന്റെ വിജയലക്ഷ്യവുമായി ഗ്രൗണ്ടിലിറങ്ങിയ സഞ്ജു സാംസണും സംഘവും രണ്ട് പന്ത് ശേഷിക്കെ വിജയം തൊട്ടുവെങ്കിലും പ്ലേ ഓഫ് പ്രതീക്ഷ തുലാസിൽ.18.5 ഓവറില്‍ വിജലക്ഷ്യം മറികടന്നാല്‍ മാത്രമെ ആര്‍സിബിയുടെ നെറ്റ് റണ്‍റേറ്റ് മറികടന്ന് രാജസ്ഥാന് നാലാം സ്ഥാനത്തെത്താന്‍ സാധിക്കുമായിരുന്നുള്ളു.
ദേവ്ദത്ത് പടിക്കലിന്റേയും യശ്വസി ജയ്‌സ്വാളിന്റേയും അർധ സെഞ്ച്വറിയുടേയും ഹെറ്റ്‌മെയ്‌റുടെ 46 റൺസിന്റേയും പിൻബലത്തിലായിരുന്നു രാജസ്ഥാൻ ജയത്തിലേക്കെത്തിയത്.
കളിയുടെ തുടക്കത്തിൽ തന്നെ ഓപണർ ജോസ് ബട്ട്‌ലറെ നഷ്ടമായെങ്കിലും ജയ്‌സ്വാളും ദേവ്ദത്തും ചേർന്ന് ടീമിനെ പ്രതീക്ഷയുടെ തീരത്തേക്ക് അടുപ്പിക്കുകയായിരുന്നു. രണ്ടു പേരും തകർപ്പൻ ബാറ്റിങ് പുറത്തെടുത്തതോടെ രാജസ്ഥാൻ സ്‌കോർ അതിവേഗത്തിൽ മുന്നോട്ടുനീങ്ങി. ഇതിനിടെ 9.5 ഓവറിൽ 51 റൺസോടെ പടിക്കൽ വീണു. പിന്നാലെ എത്തിയ ക്യാപ്റ്റൻ സഞ്ജു സാംസണിൽ ടീം പതിവുപോലെ വൻ പ്രതീക്ഷ വച്ചെങ്കിലും അത് മൂന്ന് പന്തിൽ തീർന്നു.
വെറും രണ്ട് റൺസെടുത്ത് സഞ്ജു മടങ്ങി. എന്നാൽ പിന്നീടെത്തിയ ഹെറ്റ്‌മെയറും തകർത്തടിച്ചതോടെ ടീം വീണ്ടും പ്രതീക്ഷയിലേക്ക് തിരികെയെത്തി. ഇതിനിടെ 14.3 ഓവറിൽ 36 പന്തിൽ 50 റൺസെടുത്ത ജയ്‌സ്വാൾ വീണു. തുടർന്നെത്തിയ റിയാൻ പരാഗും പതിയെ അടിച്ചുമുന്നേറിയെങ്കിലും 20 റൺസിൽ കൂടാരം കയറി.
മൂന്നും സിക്‌സും നാല് ഫോറും പറത്തി കുതിച്ച ഹെറ്റ്‌മെയർ 18.5 ഓവറിൽ സാം കരന്റെ പന്തിൽ പഞ്ചാബ് നായകൻ ശിഖർ ധവാൻ പിടിച്ച് പുറത്തായി. എന്നാൽ പകരക്കാരനായിറങ്ങിയ ധ്രുവ് ജുറേൽ അവസാന നിമിഷം ടീമിന്റെ വിജയശിൽപിയാവുകയായിരുന്നു. ജയിക്കാൻ ഒമ്പത് റൺസ് വേണ്ട അവസാന ഓവറിൽ നാല് പന്തിൽ ടീം വിജയം കാണുകയായിരുന്നു.ചഹാറിന്റെ നാലാം പന്ത് സിക്‌സർ പറത്തിയാണ് ധ്രുവ് ജുറേൽ ടീമിനെ ആശ്വാസത്തിന്റെ തീരത്തെത്തിച്ചത്. പഞ്ചാബിനായി കഗിസോ റബാദ രണ്ട് വിക്കറ്റെടുത്തപ്പോൾ സാം കറൻ, അർഷ്ദീപ് സിങ്, നഥാൻ എല്ലിസ്, രാഹുൽ ചഹാർ എന്നിവർ ഓരോ വിക്കറ്റും നേടി.
നേരിയ പ്ലേ ഓഫ് പ്രതീക്ഷ കാക്കാനാണ് ഇരു ടീമുകളും ഇന്ന് പോരാട്ടത്തിനിറങ്ങിയത്. തുല്യ പോയിന്റുമായി ഇറങ്ങിയ ഇരു ടീമുകൾക്കും ഇന്നത്തെ ജയം വളരെ നിർണായകമായിരുന്നു. ഇന്ന് പഞ്ചാബിനെ തകര്‍ത്തതോടെ റോയല്‍സിന് 14 പോയിന്‍റായി. 14 കളിയിൽ നിന്നാണിത്. ഇനി അവസാന മത്സരങ്ങളില്‍ മുംബൈ ഇന്ത്യന്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോടും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, ഗുജറാത്ത് ടൈറ്റന്‍സിനോടും തോറ്റാല്‍ രാജസ്ഥാന് പ്ലേ ഓഫ് സാധ്യത ഉയരും.