ചെന്നൈ: 'തല'യും സംഘവും കളമറിഞ്ഞ് കളിച്ചപ്പോൾ ഐ.പി.എല്ലിലെ ആദ്യ ക്വാളിഫയറിൽ ഗുജറാത്ത് ടൈറ്റൻസിനെ തോൽപ്പിച്ച് ചെന്നൈ സൂപ്പർ കിംഗ്‌സ് ഫൈനലിൽ. സി.എസ്.കെ തങ്ങളുടെ ഹോം ഗ്രൗണ്ടായ ചെപ്പോക്കിൽ നടന്ന മത്സരത്തിൽ 15 റൺസിന് വിജയിച്ചാണ് ഫൈനലിലെത്തുന്ന ആദ്യ ടീമായത്. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ താരതമ്യേന അത്ര വലിയ വിജയ ലക്ഷ്യമല്ല മുന്നോട്ട് വെച്ചത്. ടീം നേടിയ 172 റൺസ് ഗുജറാത്തിന് അത്ര വെല്ലുവിളി ഉയർത്തുമായിരുന്നില്ല. എന്നാൽ ടീം ഗെയിം കളിച്ച ചെന്നൈയുടെ തന്ത്രങ്ങളും താരങ്ങളുടെ മികവും ഗുജറാത്തിനെ വരിഞ്ഞുകെട്ടി. വിക്കറ്റുകൾ മുറയ്ക്ക് വീണപ്പോൾ പോയിൻറ് പട്ടികയിൽ ഒന്നാമത് നിൽക്കുന്ന ടീം ഇടറിവീണു. 20 ഓവറിൽ പത്ത് വിക്കറ്റ് നഷ്ടത്തിൽ 157 റൺസാണ് ഹർദികും സംഘവും നേടിയത്.
ഓപ്പണർമാരിൽ ശുഭ്മാൻ ഗില്ല് മാത്രം പിടിച്ചുനിന്നു പൊരുതി. 38 പന്തിൽ 42 റൺസാണ് താരം നേടിയത്. വാലറ്റത്ത് 15 പന്തിൽ റാഷിദ് ഖാൻ 30 റൺസടിച്ചു കൂട്ടി. ബാക്കിയാരും കാര്യമായ സംഭാവന നൽകിയില്ല. വൃദ്ധിമാൻ സാഹ (12), നായകൻ ഹർദിക് പാണ്ഡ്യ (8), ദസുൻ ശനക (17), ഡേവിഡ് മില്ലർ (4), വിജയ് ശങ്കർ (14), രാഹുൽ തേവാട്ടിയ (3), ദർശൻ നാൽക്കണ്ഡെ(0) എന്നിവർക്കൊന്നും തിളങ്ങാനായില്ല.സി.എസ്.കെക്കായി രവീന്ദ്ര ജഡേജ, മഹീഷ് തീക്ഷണ, ദീപക് ചാഹർ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഓപ്പണർമാരെ വീഴ്ത്തിയത് ചാഹറായിരുന്നുവെങ്കിൽ കൂറ്റനടിക്കാരായ ദസുൻ ശനകയെയും ഡേവിഡ് മില്ലറെയും ജഡേജ പറഞ്ഞയച്ചു. നായകൻ ഹർദികിനെയും കൂറ്റനടിക്കാരൻ തേവാട്ടിയയെയുമാണ് തീക്ഷണ തിരിച്ചയച്ചത്. മതീഷ പതിരനയും തുഷാർ ദേശ്പാണ്ഡേയും ഓരോ വിക്കറ്റ് വീതവും നേടി. 11ാം ഓവറിൽ പതിരനയെ ഇംപാക്ട് താരമായി കൊണ്ടുവന്നതും നിർണായകമായി. 2023 ഐ.പി.എല്ലിൽ ഇതിന് മുമ്പ് ഇരുടീമുകളും കളിച്ച മൂന്നു മത്സരങ്ങളിലും ഗുജറാത്താണ് വിജയിച്ചിരുന്നത്.
ആദ്യം ബാറ്റ് ചെയ്ത ചെന്നൈ 173 റൺസ് വിജയലക്ഷ്യമാണ് ഗുജറാത്തിന് മുമ്പിൽ വെച്ചത്. 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 172 റൺസ് ചെന്നൈ നേടിയത്. 60 റൺസ് നേടിയ ഋതുരാജ് ഗെയിക്വാദാണ് ചെന്നൈയുടെ ടോപ് സ്‌കോറർ. ടോസ് നേടിയ ഗുജറാത്ത് ചെന്നൈയെ ബാറ്റിങിന് വിടുകയായിരുന്നു. മികച്ച തുടക്കമാണ് ചെന്നൈക്ക് വേണ്ടി ഋതുരാജ് ഗെയിക്വാദും ഡെവൻ കോൺവേയും ചേർന്ന് നൽകിയത്. എന്നാൽ റൺറേറ്റ് ഉയരാതെ നോക്കാൻ ഗുജറാത്ത് ബൗളർമാർക്കായി. ടീം സ്‌കോർ 87ൽ നിൽക്കെയാണ് ആദ്യ വിക്കറ്റ് വീണത്. 60 റൺസ് നേടിയ ഋതുരാജ് ഗെയിക്വാദിനെ മോഹിത് ശർമ്മയാണ് പറഞ്ഞയച്ചത്. ഡെവൻ കോൺവെ 40 റൺസ് നേടി. കൂറ്റനടിക്കാരൻ ശിവം ദുബെയ നേരിട്ട മൂന്നാം പന്തിൽ തന്നെ നൂർ അഹമ്മദ് പറഞ്ഞയച്ചു. അതോടെ സ്‌കോർബോർഡ് ഉയർത്താനുള്ള ചെന്നൈയുടെ ശ്രമങ്ങളെല്ലാം പാളി
അമ്പാട്ടി റായിഡുവും അജിങ്ക്യ രഹാനെയും ചേർന്ന് മാധ്യഓവറുകളിൽ കളി കൊണ്ടുപോയെങ്കിലും റൺസ് ഒഴുക്കാനായില്ല. മഹേന്ദ്ര സിങ് ധോണിക്കായി ആരാധകർ ആർത്തുവിളിച്ചെങ്കിലും നേരിട്ട രണ്ടാം പന്തിൽ തന്നെ ഹാർദിക് പാണ്ഡ്യക്ക് ക്യാച്ച് നൽകി മടങ്ങി. മോഹിത് ശർമ്മയാണ് ധോണിയുടെ വഴിയിലും കല്ലിട്ടത്. അവസാന ഓവറുകളിൽ രവീന്ദ്ര ജഡേജയും മുഈൻ അലയും ചേർന്നാണ് സ്‌കോർ 170 കടത്തിയത്. രവീന്ദ്ര ജഡേജ 15 പന്തിൽ നിന്ന് 22 റൺസെടുത്തപ്പോൾ അലി നാല് പന്തിൽ 9 റൺസ് നേടി പുറത്താകാതെ നിന്നു.
ഗുജറാത്തിനായി മുഹമ്മദ് ഷമി, മോഹിത് ശർമ്മ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ ദർശൻ നാൽക്കണ്ഡെ, റാഷിദ് ഖാൻ, നൂർ അഹമ്മദ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. നാല് ഓവർ എറിഞ്ഞ നൂർ അഹമ്മദ് 29 റൺസ് മാത്രമാണ് വിട്ടുകൊടുത്തത്.