ബംഗളൂരു: സാഫ് കപ്പ് ഫുട്‌ബോൾ ഫൈനൽ ഷൂട്ടൗട്ടിൽ കുവൈത്തിനെ വീഴ്ത്തി ഇന്ത്യയ്ക്ക് ഒമ്പതാം കിരീടം. പെനാൽറ്റി ഷൂട്ടൗട്ടിൽ നാലിനെതിരെ അഞ്ച് ഗോളുകൾക്കാണ് ഇന്ത്യ വിജയിച്ചത്. സൗത്ത് ഏഷ്യൻ ഫുട്‌ബോൾ ഫെഡറേഷൻ നടത്തുന്ന ടൂർണമെൻറിലെ നിലവിലെ ചാമ്പ്യന്മാർ കൂടിയാണ് ഇന്ത്യ.
ആദ്യ പകുതി 1-1 സമനിലയിൽ അവസാനിച്ച ഫൈനൽ മത്സരത്തിന്റെ രണ്ടാം പകുതിയിലും മാറ്റമൊന്നുമുണ്ടായില്ല. ഗോളടിക്കാൻ ഇരുടീമുകളും ശ്രമിച്ചെങ്കിലും ലക്ഷ്യം കണ്ടില്ല. അധിക സമയത്തിലും ഗോൾ പിറന്നില്ല. തുടർന്ന് പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു. ഇന്ത്യയ്ക്കായി പെനാൽറ്റി കിക്കെടുത്ത സുനിൽ ഛേത്രി, സന്ദേശ് ജിംഗൻ, ചാങ്‌തെ, മഹേഷ് സിംഗ്, സുബാഷിഷ് ബോസ് എന്നിവർ ഗോളാക്കി. ഉദാന്ത പോസ്റ്റിന് മുകളിലൂടെയടിച്ചു. കുവൈത്തിനായി ആദ്യ കിക്കെടുത്ത മുഹമ്മദ് അബ്ദുല്ലാഹ് ദഹം പോസ്റ്റിനാണ് അടിച്ചത്. ഷൂട്ടൗട്ടിൽ ഗോൾ നേടിയ ഛേത്രി സാഫ് ഫുട്‌ബോളിലെ എക്കാലത്തെയും മികച്ച ഗോൾ വേട്ടക്കാരനായി.
ഹീറോ ഇന്റർകോണ്ടിനെന്റൽ കപ്പിന് ശേഷം തുടർച്ചയായ രണ്ടാം അന്താരാഷ്ട്ര കിരീടം ലക്ഷ്യമിട്ട് ഇറങ്ങിയ സുനിൽ ഛേത്രിയെയും സംഘത്തെ ഞെട്ടിച്ചാണ് കുവൈത്ത് തുടങ്ങിയത്. 14ാം മിനിട്ടിൽ തന്നെ ഷബീബ് അൽ ഖാലിദിയിലൂടെ ടീം ലീഡ് നേടി. എന്നാൽ 38ാം മിനിട്ടിൽ ലാലിയൻസുവാല ചാങ്‌തെ രാജ്യത്തിന്റെ വീര്യം പുറത്തുകാട്ടി സമനില ഗോൾ നേടി. 2022-23 സീസണിൽ ആൾ ഇന്ത്യ ഫുട്‌ബോൾ ഫെഡറേഷൻ മികച്ച പുരുഷ താരമായി തിരഞ്ഞെടുത്തയാളാണ് 26 കാരനായ മണിപ്പൂർ താരം.
ബംഗളൂരുവിലെ ശ്രീ കണ്ഠീരവ സ്റ്റേഡിയത്തിലാണ് ഫൈനൽ നടന്നത്.ഗ്രൂപ്പ് ഘട്ടത്തിൽ ഏറ്റുമുട്ടിയപ്പോൾ ഇഞ്ചുറി ടൈം വരെ മുന്നിൽ നിന്ന ശേഷം ഇന്ത്യ കുവൈത്തിനോട് സമനില വഴങ്ങിയിരുന്നു. കരുത്തരായ ലബനനെ കീഴടക്കി കഴിഞ്ഞമാസം ഹീറോ ഇന്റർകോണ്ടിനെന്റൽ കപ്പിൽ മുത്തമിട്ട ഇന്ത്യ തോൽവിയറിയാതെ പത്ത് കളികൾ പൂർത്തിയാക്കിയിരിക്കുകയാണ്. ലോകറാങ്കിങിൽ ആദ്യ നൂറിലേക്ക് തിരിച്ചെത്തിയിരിക്കുകയുമാണ്. കുവൈത്തിന്റെ സാഫ് കപ്പ് അരങ്ങേറ്റമായിരുന്നു ഇത്തവണത്തേത്.