ഫ്ലോറിഡ: വെസ്റ്റ് ഇന്‍ഡീസിന് എതിരായ ട്വന്‍റി 20 പരമ്പരയിലെ നാലാം മത്സരത്തില്‍ 9 വിക്കറ്റിന്‍റെ തകർപ്പന്‍ ജയവുമായി ടീം ഇന്ത്യ 2-2ന് ഒപ്പത്തിനൊപ്പം. ഫ്ലോറിഡയില്‍ നടന്ന അങ്കത്തില്‍ വെസ്റ്റ് ഇന്‍ഡീസ് മുന്നോട്ടുവെച്ച 179 റണ്‍സ് വിജയലക്ഷ്യം 17 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി നേടുകയായിരുന്നു ഇന്ത്യ. ഓപ്പണിംഗ് വിക്കറ്റില്‍ ശുഭ്മാന്‍ ഗില്ലും യശസ്വി ജയ്സ്വാളും 15.3 ഓവറില്‍ 165 റണ്‍സ് കൂട്ടുകെട്ട് സ്ഥാപിച്ചപ്പോള്‍ ഗില്ലിനെ മാത്രമാണ് ഇന്ത്യക്ക് നഷ്ടമായത്. 47 പന്തില്‍ മൂന്ന് ഫോറും അഞ്ച് സിക്സുകളും സഹിതം 77 റണ്‍സെടുത്തായിരുന്നു ഗില്ലിന്‍റെ മടക്കം. റൊമാരിയോ ഷെഫേർഡിനായിരുന്നു വിക്കറ്റ്. 17 ഓവറില്‍ ഇന്ത്യ ജയിക്കുമ്പോള്‍ യശസ്വി ജയ്സ്വാള്‍ 51 പന്തില്‍ 54* ഉം, തിലക് വർമ്മ 5 പന്തില്‍ 7* ഉം റണ്‍സുമായി പുറത്താവാതെ നിന്നു. സ്കോർ: വെസ്റ്റ് ഇന്‍ഡീസ്- 178/8 (20), ഇന്ത്യ- 179/1 (17).
ആദ്യ രണ്ട് ടി20കളും തോറ്റ ഇന്ത്യക്ക് ഇതോടെ മൂന്നും നാലും മത്സരങ്ങളില്‍ ജയമായി. ഫ്ലോറിഡയില്‍ നാളെ നടക്കുന്ന അഞ്ചാം ട്വന്‍റി 20 പരമ്പര വിജയികളെ തീരുമാനിക്കും. തുടർച്ചയായ രണ്ടാം മത്സരത്തിലും മലയാളി താരം സഞ്ജു സാംസണിന് ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചില്ല