ഏകദിന ലോകകപ്പിൽ വീണ്ടുമൊരു അട്ടിമറി. ടൂർണമെൻറിൽ മികച്ച പ്രകടനം നടത്തുന്ന ദക്ഷിണാഫ്രിക്കയെ 38 റൺസിന് നെതർലൻഡ്‌സാണ് അട്ടിമറിച്ചത്. ഞായറാഴ്ച നടന്ന മത്സരത്തിൽ അഫ്ഗാൻ ഇംഗ്ലണ്ടിനെ വീഴ്ത്തിയതിന് ശേഷമാണ് വീണ്ടുമൊരു അട്ടിമറി.
ഡച്ച് പട മുന്നോട്ട് വെച്ച 246 റൺസ് വിജയ ലക്ഷ്യം മറികടക്കാനുള്ള ദക്ഷിണാഫ്രിക്കൻ ശ്രമം 207 റൺസിൽ അവസാനിച്ചു. ജെറാൾഡ് കോട്‌സീ(22)യെ കൂട്ടുപിടിച്ച് ഡേവിഡ് മില്ലർ നടത്തിയ രക്ഷാപ്രവർത്തനം 43 റൺസിൽ താരം പുറത്തായതോടെ നിലച്ചു. ലോഗൻ വാൻ ബ്രേക്ക് താരത്തെ ബൗൾഡാക്കുകയായിരുന്നു. വാലറ്റത്ത് കേശവ് മഹാരാജ് (40) പൊരുതി നിന്നെങ്കിലും വാൻ ബ്രീക്കിന് മുമ്പിൽ വീണു. സ്‌കോട്ട് എഡ്വേർഡാണ് പിടികൂടിയത്. കഗ്സോ റബാദ (9) പെട്ടെന്ന് പുറത്തായി.
ദക്ഷിണാഫ്രിക്കൻ ബാറ്റിംഗ് തുടക്കത്തിലേ പാളിയിരുന്നു. ഓപ്പണർമാരായ ക്വിൻറൺ ഡികോക്ക് (20) , തേംബ ബാവുമ (16) അധികം പോരാടാൻ നിന്നില്ല. ഹെൻട്രിച്ച് ക്ലാസൻ 28 റൺസടിച്ചു. റസ്സി വാൻ ഡേർ ഡ്യൂസൻ (4), എയ്ഡൻ മർക്രം(1), മാർകോ ജാൻസൻ (9) എന്നിവരൊക്കെ പെട്ടെന്ന് പുറത്തായി. മൂന്നു വിക്കറ്റെടുത്ത ലോഗൻ വാൻബ്രീക്കും രണ്ട് വീതം വിക്കറ്റ് വീഴ്ത്തിയ പോൾ വാൻ മീകേരനും റോലെഫും ബാസ് ഡെ ലീഡുമാണ് ഡച്ച് നിരയിൽ ബൗളിംഗിൽ തിളങ്ങിയത്. കോളിൻ അക്കർമാൻ ഒരു വിക്കറ്റ് വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത നെതർലൻഡ്സിന്റെ മുൻനിര ചീട്ടുകൊട്ടാരം പോലെ തകർന്നിരുന്നു. പിന്നീട് നായകൻ സ്‌കോട്ട് എഡ്വാർഡിന്റെ (78) മികവിലാണ് ടീം തരക്കേടില്ലാത്ത സ്‌കോർ കണ്ടെത്തിയത്. റോലെഫ് (29), ആര്യൻ ദത്ത് (23) എന്നിവർ നായകന് പിന്തുണ നൽകി.
ഹിമാചൽ പ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ സ്‌റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്കാണ് ടോസ് ലഭിച്ചത്. തുടർന്ന് അവർ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ലോകകപ്പിൽ ആദ്യ കളിച്ച രണ്ട് മത്സരങ്ങളിലും ഗംഭീര വിജയം നേടിയാണ് ബാവുമയും സംഘവും ഇന്ന് കളിക്കാനിറങ്ങിയത്. ശ്രീലങ്കയെ 102 റൺസിനും ആസ്‌ത്രേലിയയെ 134 റൺസിനുമാണ് ടീം തോൽപ്പിച്ചിരുന്നത്. പക്ഷേ, പട്ടികയിലെ അവസാനക്കാരായ നെതർലൻഡസിന് മുമ്പിൽ വീഴുകയായിരുന്നു. ഡച്ച് പട ടൂർണമെൻറിലെ ആദ്യ വിജയമാണ് ഇന്ന് നേടിയത്