ദുബായ്: യു.എ.ഇയിൽ രാജ്യം ഇതുവരെ കണ്ടിട്ടില്ലാത്തവിധം അത്യപൂർവ്വമായ കാലാവസ്ഥയാണ് ചൊവ്വാഴ്‌ച അനുഭവപ്പെട്ടത്. നിർത്താതെപെയ്‌ത ശക്തമായ മഴക്കൊപ്പം അതിശക്തമായ കാറ്റും മിന്നലും എത്തിയത് ജനങ്ങളെ കൂടുതൽ ഭയപ്പെടുത്തി. ഒട്ടേറെ പേരാണ് രാജ്യത്തിൻ്റെ പല ഭാഗത്തും കുടുങ്ങിക്കിടന്നത്. ചൊവ്വാഴ്‌ച മാത്രമായി 75 വർഷത്തിനിടയിലെ ഏറ്റവും ശക്തമായ മഴയാണ് പെയ്തത്. ഒറ്റദിവസം 254.8 മില്ലിമീറ്റർ മഴയാണ് അൽഐൻ മേഖലയിൽ പെയ്തത്. ഏഴ് എമിറേറ്റുകളിലും ശക്തമായ മഴയാണ് അനുഭവപ്പെട്ടത്.രാജ്യത്ത് മഴക്കെടുതിയിൽ ഒരാൾ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. 40 വയസ്സുള്ള സ്വദേശി പൗരനാണ് റാസൽഖൈമയിൽ ഒഴുക്കിൽപ്പെട്ട് മരിച്ചത്. നൂറുകണക്കിന് വാഹനങ്ങൾ വെള്ളത്തിൽ മുങ്ങുകയും നിരവധി ഷോപ്പിംഗ് മാളുകളിലും മെട്രോ സ്റ്റേഷനുകളിലും വെള്ളം കയറുകയും ചെയ്‌തു. കോടികണക്കിന് ദിർഹത്തിന്റെ നാശനഷ്ടമാണ് മഴയിൽ ഉണ്ടായത്.
ഇന്ന് രാവിലെ മുതൽ മഴയുടെ ശക്തി കുറഞ്ഞിട്ടുണ്ട്. അതേസമയം, ദുബായ്, ഷാർജ, ഫുജൈറ എന്നിവിടങ്ങളിലെല്ലാം ശക്തമായ വെള്ളക്കെട്ട് തുടരുകയാണ്. റോഡ്, വ്യോമ ഗതാഗതം പൂർണതോതിൽ പുനസ്ഥാപിക്കാനായിട്ടില്ല. പലയിടത്തെയും വെള്ളക്കെട്ട് നീക്കം ചെയ്യാനും പൊതുഗതാഗതം സാധാരണ നിലയിലാക്കാനുമുള്ള ശ്രമത്തിലാണ് അധികൃതർ. കൂറ്റൻ പമ്പുകൾ എത്തിച്ചാണ് പലയിടത്തെയും വെള്ളക്കെട്ട് നീക്കംചെയ്യുന്നത്. ജനജീവിതം സാധാരണമാക്കാൻ ഇനിയും സമയമെടുത്തേക്കും.
ഉപരിതല മർദം കുറഞ്ഞ് മോശം കാലാവസ്ഥക്ക് കാരണമായ രണ്ട് തരംഗങ്ങൾ ഉണ്ടായതാണ് അത്യപൂർവ്വ കാലാവസ്ഥയിലേക്ക് നയിച്ചതെന്നാണ് റിപ്പോര്ട്ട്.