ദുബൈ: കരിപ്പൂർ നിന്ന് ദുബൈയിലേക്ക് പുറപ്പെട്ട വിമാനം യാത്രക്കാരെ ദുബെെയില്‍ ഇറക്കാതെ തിരിച്ച് കരിപ്പൂരിൽ തന്നെ തിരിച്ചെത്തിച്ചു. ദുബൈയിലേക്ക് ഇന്നലെ രാത്രി എട്ടു മണിക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനമാണ് ദുബൈ വിമാനത്താവളത്തിൽ ഇറക്കാൻ സാധിക്കാതെ തിരിച്ചെത്തിയത്. ഇതോടെ എന്ത് ചെയ്യണമെന്ന് അറിയാതെ യാത്രക്കാർ അനിശ്ചിതത്വത്തിലാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയെ തുടർന്ന് വിമാനത്താവളത്തിൽ വെള്ളം കയറിയതാണ് തിരിച്ചടിയായത്.
കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് രാത്രി എട്ട് മണിക്ക് പുറപ്പെട്ട വിമാനം ദുബൈയിൽ ഇറക്കാൻ സാധിക്കാതെ വന്നതോടെ ഇന്നലെ രാത്രി മസ്കത്ത് വിമാനത്താവളത്തിലിറക്കിയിരുന്നു. പിന്നീട് വിമാനം പുലർച്ചെയാണ് കരിപ്പൂരിലെത്തിച്ചത്. 180ഓളം യാത്രക്കാരാണ് വിമാനത്തിലുള്ളത്.
അതേസമയം യാത്രക്കാരെ റാസൽഖൈമയിലെത്തിക്കാൻ സൗകര്യമൊരുക്കുമെന്ന് എയർ ഇന്ത്യ അറിയിച്ചു. ആവശ്യമുള്ളവർക്ക് റീഫണ്ട് നൽകാൻ തയ്യാറാണെന്നും എയർ ഇന്ത്യ അധികൃതർ അറിയിച്ചു. എന്നാൽ അത്യാവശ്യമായി യു.എ.ഇയിൽ എത്തേണ്ടവർ എന്ത് ചെയ്യുമെന്ന് അറിയാത്ത അവസ്ഥയിലാണ്.കനത്ത മഴയെ തുടർന്ന് റൺവേയിൽ വെള്ളം കയറിയതോടെയാണ് ദുബൈ വിമാനത്താവളത്തിൽ വിമാനങ്ങൾക്ക് നിയന്ത്രണം തുടരുന്നത്. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ 1244 വിമാന സർവീസുകൾ റദ്ദാക്കുകയും 41 എണ്ണം വഴിതിരിച്ചുവിടുകയും ചെയ്തെതെന്ന് ദുബൈ വിമാനത്താവള അധികൃതർ അറിയിച്ചിരുന്നു.