ന്യൂയോർക്ക്: 2007 പ്രഥമ ട്വന്റി ലോകകപ്പിന് ശേഷം അകന്നുപോയ കിരീടം തിരിച്ചുപിടിക്കാൻ ഇന്ത്യ ഇറങ്ങുന്നു. അയർലാൻഡാണ് എതിരാളികൾ. ന്യൂയോർക്കിലെ നസാവുകൗണ്ടി ഇന്റർനാഷണൽ ക്രിക്കറ്റ് സ്‌റ്റേഡിയത്തിൽ രാത്രി എട്ടിനാണ് ആവേശ പോരാട്ടം. സന്നാഹ മത്സരത്തിൽ ബംഗ്ലാദേശിനെതിരെ നേടിയ വിജയം നൽകിയ ആത്മവിശ്വാസവുമായാണ് ലോകകപ്പിലെ ആദ്യ അങ്കത്തിനിറങ്ങുന്നത്.
പ്ലെയിങ് ഇലവനിൽ മലയാളി താരം സഞ്ജു സാംസണ് ഇടം ലഭിക്കുമോയെന്ന ആകാംക്ഷയിലാണ് ആരാധകർ. സന്നാഹത്തിൽ നിരാശനാക്കിയെങ്കിലും താരത്തിൽ വിശ്വാസമുണ്ടെന്ന് കഴിഞ്ഞ ദിവസം ക്യാപ്റ്റൻ രോഹിത് ശർമ പറഞ്ഞിരുന്നു. ഐ.പി.എല്ലിലടക്കം ശരാശരി പ്രകടനം മാത്രം പുറത്തെടുത്ത യശസ്വി ജയ്‌സ്വാളിനെ ഓപ്പണിങ് റോളിൽ എത്തിക്കാനുള്ള സാധ്യതയും വിരളമാണ്. റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനായി തകർപ്പൻ പ്രകടനം പുറത്തെടുത്ത വിരാട് കോഹ് ലിയാകും ഹിറ്റ്മാനൊപ്പം ഓപ്പണിങിൽ ഇറങ്ങുകയെന്നാണ് റിപ്പോർട്ടുകൾ. മൂന്നാം നമ്പറിൽ ഫോമിലുള്ള ഋഷഭ് പന്തിനെയാകും പരിഗണിക്കുക. ബംഗ്ലാദേശിനെതിരെ നേടിയ അർധ സെഞ്ച്വറിയും താരത്തിന് അനുകൂലഘടകമാണ്. സ്പിൻ ബൗളിങിനെ നേരിടാനുള്ള പന്തിന്റെ മികവും അനുകൂല ഘടകമാണ്.
നാലാം നമ്പറിൽ സൂര്യകുമാർ യാദവിന് എതിരാളികളുണ്ടാകില്ലെന്ന് ഉറപ്പാണ്. ഓൾറൗണ്ടർ ശിവം ദുബെ അഞ്ചാം നമ്പറിലെത്തും. ഉപനായകൻ ഹാർദിക് പാണ്ഡ്യ ഫിനിഷറുടെ റോളിൽ അവതരിക്കും. ഐ.പി.എല്ലിൽ നിരാശപ്പെടുത്തിയെങ്കിലും ബംഗ്ലാദേശിനെതിരായ സന്നാഹത്തിൽ തിളങ്ങി താരം പ്രതീക്ഷ കാത്തിരുന്നു. ഏഴാം നമ്പറിൽ അക്‌സർ പട്ടേലാണോ രവീന്ദ്ര ജഡേജയാണോ ഇടംപിടിക്കുകയെന്ന കാര്യത്തിലും വ്യക്തതയില്ല. ശിവംദുബെക്ക് പകരം സഞ്ജുവിന് അവസരം നൽകിയേക്കുമെന്ന വിദൂര സാധ്യതയും നിലനിൽക്കുന്നു. കഴിഞ്ഞ മാച്ചിൽ ദുബെയും നിരാശപ്പെടുത്തിയിരുന്നു. സ്‌പെഷ്യലിസ്റ്റ് സ്പിന്നറായി യുസ്വേന്ദ്ര ചഹലിനേക്കാൾ മുൻതൂക്കം കുൽദീപ് യാദവിനാകും. സമീപകാലത്ത് ട്വന്റി 20യിലെ മികച്ച പ്രകടനം കുൽദീപിന് അവസരമൊരുക്കും. പേസർമാരായി ജസ്പ്രീത് ബുമ്രയും അർഷ്ദീപ് സിംഗും ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലെത്തുമെന്നാണ് കരുതുന്നത്