പയ്യോളി : തിക്കോടി സ്വദേശിയായ പതിന്നാലുകാരന് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചതോടെ കീഴൂർ കാട്ടുംകുളം നിരീക്ഷണത്തിലായി.
കുളത്തിലെ വെള്ളം ആരോഗ്യവിഭാഗം പരിശോധനയ്ക്കയച്ചു. രോഗം സംശയിച്ചതിനെത്തുടർന്ന് അഞ്ചുദിവസമായി കുളം അടച്ചിരിക്കയാണ്. പയ്യോളി നഗരസഭ മുന്നറിയിപ്പ് ബോർഡും സ്ഥാപിച്ചു. ഈ കുളത്തിൽ കുട്ടി കുളിച്ചതായ വിവരം വന്നതിനെത്തുടർന്നാണിത്.
കുട്ടി വീടിനുസമീപത്തെ വയൽപ്രദേശത്തും കുളിച്ചതായി പറയുന്നുണ്ട്. പള്ളിക്കര റോഡിനുസമീപം കാടുപിടിച്ച നിലയിലായിരുന്ന കുളം നഗരസഭ ഈയടുത്താണ് നവീകരിച്ചത്. അതിനുശേഷം ഒട്ടേറെപ്പേർ ഇവിടെ കുളിക്കാനെത്തിയിരുന്നു.