കൊളംബോ: യുഎഇയെ 78 റണ്‍സിനു തകര്‍ത്ത് ഇന്ത്യ ഏഷ്യാ കപ്പ് വനിതാ ടി20 പോരാട്ടത്തിന്റെ സെമിയില്‍. തുടര്‍ച്ചയായി രണ്ട് വിജയങ്ങളുമായാണ് ഇന്ത്യ സെമി ഉറപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സെടുത്തു. വിജയം തേടിയിറങ്ങിയ യുഎഇ 7 വിക്കറ്റ് നഷ്ടത്തില്‍ 123 റണ്‍സ് മാത്രമാണ് കണ്ടെത്തിയത്.
ഇന്ത്യക്കായി ദീപ്തി ശര്‍മ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. പന്തെടുത്തവരെല്ലാം വിക്കറ്റുകള്‍ വീഴ്ത്തി. അരങ്ങേറ്റക്കാരി തനുജ കന്‍വര്‍ മികവോടെ പന്തെറിഞ്ഞു. താരം 4 ഓവറില്‍ 14 റണ്‍സ് മാത്രം വഴങ്ങി ആദ്യ അന്താരാഷ്ട്ര വിക്കറ്റും വീഴ്ത്തി. രേണുക സിങ്, പൂജ വസ്ത്രാകര്‍, രാധ യാദവ് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.
യുഎഇക്കായി കവിഷ എഗോദഗെ 40 റണ്‍സുമായി പുറത്താകാതെ നിന്നു. ക്യാപ്റ്റന്‍ ഇഷ ഒസ 38 റണ്‍സെടുത്തു. ഖുഷി ശര്‍മ 10 റണ്‍സ് കണ്ടെത്തി. മറ്റൊരാളും രണ്ടക്കം തൊട്ടില്ല.
Advertisements
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
നേരത്തെ ടോസ് നേടി യുഎഇ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് ക്യാപ്റ്റന്‍ ഹര്‍മന്‍ പ്രീത് കൗറും റിച്ച ഘോഷും നേടിയ അര്‍ധ സെഞ്ച്വറികളാണ് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.
29 പന്തില്‍ 12 ഫോറും ഒരു സിക്സും സഹിതം 64 റണ്‍സ് വാരി പുറത്താകാതെ നിന്ന റിച്ച ഘോഷിന്റെ വെടിക്കെട്ട് ബാറ്റിങാണ് ഇന്ത്യക്ക് കരുത്തായത്. റിച്ചയുടെ കന്നി ടി20 അര്‍ധ സെഞ്ച്വറിയാണിത്. ഒപ്പം ഹര്‍മന്‍പ്രീതിന്റെ മികവും. താരം 47 പന്തില്‍ 7 ഫോറും ഒരു സിക്സും സഹിതം 66 റണ്‍സെടുത്തു.
ഓപ്പണര്‍ ഷെഫാലി വര്‍മയാണ് മിന്നും ബാറ്റിങ് പുറത്തെടുത്ത മറ്റൊരു താരം. 18 പന്തില്‍ ഒരു സിക്സും 5 ഫോറും സഹിതം താരം 37 റണ്‍സ് അടിച്ചെടുത്തു. സ്മൃതി മന്ധാന (13), ജെമിമ റോഡ്രിഗസ് (14), ദയാളന്‍ ഹേമലത (2) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍.
യുഎഇക്കായി എഗോദജെ രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കി. സമെയ്ര ധരണിധര്‍ക, ഹീന ഹോചന്ദനി എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.