കൊളംബോ: ഇന്ത്യ- ശ്രീലങ്ക രണ്ടാം ഏകദിന മത്സരം ഇന്ന് നടക്കും. കൊളംബോ പ്രേമദാസ സ്റ്റേഡിയത്തില്‍ ഉച്ചയ്ക്ക് 2.30 മുതലാണ് മത്സരം. ആദ്യമത്സരത്തിലെ അപ്രതീക്ഷിത 'ടൈ' നല്‍കിയ ക്ഷീണം മറികടക്കാന്‍ ശ്രീലങ്കയ്‌ക്കെതിരെ ജയം ലക്ഷ്യമിട്ടാകും രോഹിത് ശര്‍മ്മയും സംഘവും ഇറങ്ങുക.
ആദ്യ ഏകദിനത്തില്‍ ഇരു ടീമുകള്‍ക്കും 230 റണ്‍സാണ് നേടാന്‍ സാധിച്ചത്. അവസാന 14 പന്തുകളില്‍ ജയിക്കാന്‍ ഒരു റണ്‍സ് മതിയായിരുന്നിട്ടും വിക്കറ്റ് തുലച്ച് മത്സരം 'ടൈ' ആയതിന്റെ ഞെട്ടല്‍ ഇന്ത്യന്‍ ക്യാംപില്‍ നിന്നും വിട്ടുപോയിട്ടില്ല. മൂന്നു മത്സരങ്ങളുടെ പരമ്പരയില്‍ മുന്നിലെത്താന്‍ ഇന്ത്യയ്ക്ക് ഇന്ന് വിജയിച്ചേ മതിയാകൂ.
രോഹിത്തിനൊപ്പം ശുഭ്മാന്‍ ഗില്‍ ഇന്നിങ്സ് തുറക്കും. മൂന്നാം സ്ഥാനത്ത് വിരാട് കോഹ്‌ലിയും ഇറങ്ങും. കഴിഞ്ഞ കളിയില്‍ നാലാമനായി വാഷിങ്ടണ്‍ സുന്ദറെ ഇറക്കിയുള്ള പരീക്ഷണം വിജയിച്ചിരുന്നില്ല. അതിനാല്‍ നാലാമനായി ശ്രേയസ് അയ്യര്‍ ഇറങ്ങിയേക്കും. വിക്കറ്റ് കീപ്പര്‍ ബാറ്ററായി കെ എല്‍ രാഹുല്‍ തുടരും.
സച്ചിനു പിന്നില്‍ ഇനി രോഹിത് ശര്‍മ; റെക്കോര്‍ഡില്‍ രണ്ടാമന്‍
അതേസമയം ഒന്നാം ഏകദിനത്തില്‍ വിജയത്തോളം മൂല്യമുള്ള ടൈ നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് ശ്രീലങ്ക. ടി20 പരമ്പരയിലെ ദയനീയ പ്രകടനത്തിന്റെ നിരാശയില്‍ നിന്നും മുക്തി നേടുന്നതായി അപ്രതീക്ഷിത ടൈ. ലങ്കന്‍ സ്പിന്നര്‍മാരുടെ മികച്ച ഫോം നായകന്‍ അസലങ്കയ്ക്കും കോച്ച് ജയസൂര്യക്കും പ്രതീക്ഷ നല്‍കുന്നു.