പോര്‍ബന്തര്‍/മാവേലിക്കര ഗുജറാത്തിലെ പോര്‍ബന്തറില്‍ കടലില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ തീരസംരക്ഷണസേനയുടെ ഹെലികോപ്റ്റര്‍ നിയന്ത്രണംവിട്ട് കടലില്‍പതിച്ച് മലയാളി പൈലറ്റ് മരിച്ചു. കോപ്റ്ററിന്റെ പ്രധാന പൈലറ്റും കോസ്‌റ്റ് ഗാർഡ് സീനിയർ ഡെപ്യൂട്ടി കമാൻഡന്റുമായ മാവേലിക്കര കണ്ടിയൂർ പറക്കടവ് നന്ദനം വീട്ടിൽ വിപിൻ ബാബു (39) ആണ് മരിച്ചത്. സഹപൈലറ്റിനെയും മറ്റൊരു ഉദ്യോഗസ്ഥനെയും കാണാതായി. സഹപൈലറ്റ് മരിച്ചതായും റിപ്പോര്‍ട്ടുണ്ട്. തിരച്ചില്‍ തുടരുന്നു. വ്യോമസേനയില്‍ നിന്നും വിരമിച്ച പരേതനായ ആർ സി ബാബുവിന്റെയും ശ്രീലത ബാബുവിന്റെയും മകനാണ്.
ഭാര്യ: പാലക്കാട് പുത്തൻവീട്ടിൽ മേജർ ശിൽപ്പ (മിലിട്ടറി നഴ്സ്, ഡൽഹി) മകൻ സെനിത് (5). കുടുംബസമേതം ഡൽഹിയിലാണ് താമസം. രണ്ട് മാസം മുമ്പാണ് അവധിക്ക് നാട്ടിലെത്തി മടങ്ങിയത്. സഹോദരി: നിഷി ബാബു. മൃതദേഹം പോസ്‌റ്റ്‌മോർട്ടത്തിനുശേഷം ബുധൻ പുലർച്ചെ നെടുമ്പാശേരിയിലെത്തിക്കും. സംസ്‌കാരം ബുധൻ പകൽ ഒന്നിന് വീട്ടുവളപ്പിൽ. പോര്‍ബന്തര്‍ തീരത്തുനിന്ന്നി 45 കിലോമീറ്റര്‍ അകലെ വച്ച് തിങ്കൾ രാത്രി പതിനൊന്നോടെയാണ് അപകടമുണ്ടായത്. പോര്‍ബന്തറിലേക്കുള്ള എംടി ഹരി ലീല ഓയിൽ ടാങ്കറിലെ പരിക്കേറ്റ ജീവനക്കാരനെ രക്ഷിക്കാനാണ് എഎൽഎച്ച് ഹെലികോപ്റ്ററിൽ നാലുപേരും പുറപ്പെട്ടത്. നിയന്ത്രണം നഷ്ടമായി കടലിൽ പതിക്കുകയായിരുന്നുവെന്നുവെന്ന് കോസ്റ്റ്ഗാര്‍ഡ് അറിയിച്ചു.