വടകര: മുക്കാളി ദേശീയപാതയിൽ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ രണ്ടു പേരും മരിച്ചു. കാർ ഡ്രൈവർ തലശ്ശേരി ചേറ്റം കുന്ന് സ്വദേശി പ്രണവം നിവാസിൽ ജൂബി (38), കാറിൽ ഒപ്പമുണ്ടായിരുന്ന ന്യൂ മാഹി സ്വദേശി കളത്തിൽ ഷിജിൽ (40) എന്നിവരാണ് മരിച്ചത്.
ജൂബി സംഭവ സ്ഥലത്ത് തന്നെ മരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ ഷിജിലിനെ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പുലർച്ചെ 6.30ഓടെ മുക്കാളിയ്ക്കും ബ്ലോക്ക് ഓഫീസിനും ഇടയിൽ പഴയ എഇഒ ഓഫീസിനടുത്താണ് അപകടം നടന്നത്. കോഴിക്കോട് എയർപോർട്ടിൽ നിന്നും വരികയായിരുന്ന കാറും കണ്ണൂർ ഭാഗത്ത് നിന്നും വരികയായിരുന്ന ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ പെട്ട സ്വിഫ്റ്റ് ഡിസയർ കാറിന്റെ മുൻവശം പൂർണമായും തകർന്ന നിലയിലാണ്.