ബാലുശ്ശേരി ∙ ഓൺലൈൻ തട്ടിപ്പുകൾ നടത്തുന്നതിനു വേണ്ടി വിദേശ തട്ടിപ്പുസംഘത്തിന്റെ വലയിൽ അകപ്പെട്ട് തെക്കുകിഴക്ക് ഏഷ്യൻ രാജ്യമായ ലാവോസിലെ തട്ടിപ്പു കേന്ദ്രത്തിൽ കുടുങ്ങിയ ബാലുശ്ശേരി സ്വദേശി രാഹുൽ രാജ് തിരികെ നാട്ടിലെത്തി. ചൈനയിലെ പ്രമുഖ ഐടി കമ്പനിയിലേക്കെന്നു പറഞ്ഞാണ് സംഘത്തിലെ ഇടനിലക്കാരൻ രാഹുലിനെ സമീപിച്ചത്. പ്രതിമാസം 75,000 രൂപ ശമ്പളമായിരുന്നു വാഗ്ദാനം. ഇടനിലക്കാരുടെ കമ്മീഷനും യാത്രാ ചെലവുകളും ഉൾപ്പെടെ മൂന്നര ലക്ഷത്തോളം രൂപയാണ് ചെലവായത്. കഴിഞ്ഞ മാസം 5ന് കൊച്ചിയിൽ നിന്നു ബാങ്കോക്കിലേക്കു തിരിച്ചു. അവിടെ നിന്നു ലാവോസിന്റെ തലസ്ഥാനം വഴി ഗോൾഡൻ ട്രയാങ്കിളിലും എത്തി. അവിടെ ഐടി പാർക്ക് പോലുള്ള വലിയ സ്ഥാപനത്തിൽ എത്തിച്ചു.
ചെയ്യേണ്ട ജോലികൾ അറിഞ്ഞതോടെയാണ് തകർന്നുപോയതെന്ന് രാഹുൽ പറഞ്ഞു. മലയാളികൾ ഉൾപ്പെടെയുള്ള പെൺകുട്ടികളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഹാക്ക് ചെയ്തു എഡിറ്റ് ചെയ്ത് സ്ഥാപനം പറയുന്ന ഫോട്ടോകളും ദൃശ്യങ്ങളും ഉൾപ്പെടുത്താനായിരുന്നു നിർദേശം. എഐ ടെക്നോളജി ഉപയോഗിച്ച് ഡീപ് ഫേക്ക് വിഡിയോ ചാറ്റിങ്, സൗഹൃദം നടിച്ച് പണം തട്ടിപ്പ് എന്നിവയൊക്കെയാണ് ഇവിടെ നടത്തിയിരുന്നത്. ഈ ജോലി പറ്റില്ലെന്നു പറഞ്ഞപ്പോൾ രാഹുൽ 3 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നായിരുന്നു അവരുടെ ആവശ്യം.
വിഡിയോ ഗെയിമിങ് ലൈസൻസ് ദുരുപയോഗം ചെയ്താണ് ഇവർ തട്ടിപ്പു നടത്തുന്നതെന്ന് രാഹുൽ പറഞ്ഞു. ഇത്തരത്തിലുള്ള ഒട്ടേറെ കമ്പനികൾ ഇവിടെ പ്രവർത്തിക്കുന്നുണ്ട്. പൊലീസ് റെയ്ഡിന് എത്തിയപ്പോൾ ലഭിച്ച പാസ്പോർട്ടുമായി പുറത്തു കടന്ന ശേഷം കേന്ദ്ര മന്ത്രി സുരേഷ് ഗോപിയെ ബന്ധപ്പെട്ടതോടെയാണ് രാഹുലിന് നാട്ടിലെത്താനുള്ള വഴി തെളിഞ്ഞത്. വിദൂരമായൊരു സ്ഥലത്ത് ഒളിച്ചു താമസിച്ചിരുന്ന രാഹുലിനു വിമാനത്താവളത്തിൽ എത്താൻ സുരേഷ് ഗോപിയുടെ ഓഫിസ് എംബസിയുമായി ബന്ധപ്പെട്ട് വാഹനം അയച്ചിരുന്നു. കഴിഞ്ഞ ദിവസം തിരികെ കൊച്ചിയിൽ എത്തിയപ്പോൾ എൻഐഎ ഉദ്യോഗസ്ഥർ വിവരം ശേഖരിച്ചതായി രാഹുൽ പറഞ്ഞു. തൊഴിൽ തട്ടിപ്പ് സംബന്ധിച്ച് യുവാവ് ബാലുശ്ശേരി പൊലീസിലും റൂറൽ എസ്പിക്കും പരാതി നൽകിയിട്ടുണ്ട്.