തിരുവനന്തപുരം: ഈ വർഷത്തെ സപ്ലൈകോ ഓണം ഫെയറുകളുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകീട്ട് 5 മണിക്ക് തിരുവനന്തപുരം കിഴക്കേകോട്ട ഇകെ നായനാർ പാർക്കിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഭക്ഷ്യ-പൊതുവിതരണ മന്ത്രി ജിആർ അനിലിന്റെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പുമന്ത്രി വി ശിവൻകുട്ടി ആദ്യവിൽപ്പന നടത്തും. സെപ്റ്റംബർ 5 മുതൽ 14 വരെയാണ് ഓണം ഫെയർ. ജില്ലാതല ഫെയറുകൾ സെപ്റ്റംബർ 6 മുതൽ 14 വരെ ജില്ലാ ആസ്ഥാനങ്ങളിൽ പ്രത്യേക സൗകര്യങ്ങളോടെ നടക്കും.
13 ഇനം സബ്സിഡി സാധനങ്ങൾക്കു പുറമെ ശബരി ഉൽപ്പന്നങ്ങൾ, മറ്റ് എഫ്.എം.സി.ജി ഉൽപ്പന്നങ്ങൾ, മിൽമ ഉൽപ്പന്നങ്ങൾ, കൈത്തറി ഉൽപ്പന്നങ്ങൾ, പഴം ജൈവപച്ചക്കറികൾ എന്നിവ മേളയിൽ 10 മുതൽ 50 ശതമാനം വരെ വിലക്കുറവിൽ ലഭിക്കും. ഇതിനു പുറമെ പ്രമുഖ ബ്രാന്റുകളുടെ 200ൽ അധികം നിത്യോപയോഗ സാധനങ്ങൾക്ക് വലിയ വിലക്കുറവുണ്ട്. 255 രൂപയുടെ 6 ശബരി ഉൽപ്പന്നങ്ങൾ 189 രൂപയ്ക്ക് നൽകുന്ന ശബരി സിഗ്നേച്ചർ കിറ്റ് ഈ ഓണത്തിന് വിപണിയിൽ ലഭിക്കും.
ഓണം ഫെയറുകളിലും സപ്ലൈകോ സൂപ്പർമാർക്കറ്റുകളിലും വിവിധ ബ്രാന്റുൽപ്പന്നങ്ങൾക്ക് നിലവിൽ നൽകിവരുന്ന വിലക്കുറവിന് പുറമെ 10 ശതമാനം വരെ അധിക വിലക്കുറവ് നൽകുന്ന ഡീപ് ഡിസ്കൗണ്ട് അവേഴ്സ്, പ്രമുഖ ബ്രാന്റഡ് ഉൽപ്പന്നങ്ങൾക്ക് ആകർഷമായ കോമ്പോ ഓഫറുകൾ, ബൈ വൺ ഗെറ്റ് വൺ ഓഫർ എന്നിവയും ലഭിക്കും.