തിരുവനന്തപുരം: പി.വി. അൻവർ എം.എൽ.എയുടെ വെളിപ്പെടുത്തലിനെ തുടർന്ന് മുഖ്യമന്ത്രിക്കെതിരെ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം. മുഖ്യമന്ത്രി രാജി വെക്കണമെന്നും യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു. നേതാക്കളായ രാഹുൽ മാങ്കൂട്ടത്തിൽ, അബിൻ വർക്കി എന്നിവരുടെ നേതൃത്വത്തിലാണ് യൂത്ത്കോൺഗ്രസ് പ്രവർത്തകർ സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തിയത്.
ബാരിക്കേഡുകൾ മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്കു നേരെ പൊലീസ് ലാത്തി വീശുകയം ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു. അബിൻ വർക്കി ഉൾപ്പെടെയുള്ള യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് ലാത്തിച്ചാർജിൽ പരിക്കേറ്റു. അബിൻ വർക്കിയെ പൊലീസ് വളഞ്ഞിട്ട് തല്ലി. ഏഴുതവണ പൊലീസ് ജല പീരങ്കി പ്രയോഗിച്ചു. പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കാനാണ് പൊലീസിന്റെ ശ്രമം. മാർച്ച് സംഘർഷത്തിലേക്ക് നീങ്ങിതോടെ മേഖലയിലെ ഗതാഗതവും തടസ്സപ്പെട്ടു.