കൊടുവള്ളി: മണ്ണിൽകടവിൽ അടച്ചിട്ട രണ്ട് വീടുകളിൽ മോഷണം. പണവും സ്വർണ്ണവും കവർന്നു.ഇന്നലെ പുലർച്ചെ ദേശീയ പാതയോരത്തെ രണ്ടു വീടുകളിലാണ് സംഭവം. ഒറ്റക്കാംതൊടുകയിൽ ഒ. ടി. അബ്ദുൽ ഗഫൂർ സമീപവാസിയായ ഒ. ടി. നുശൂർ എന്നിവരുടെ വീടുകളിലാണ് മോഷണം നടന്നത്. മോഷ്ടാക്കൾ രണ്ട് വീടുകളുടെയും മുൻവശത്തെ വാതിൽ തകർത്താണ് അകത്ത് കടന്നത്. ഗഫൂറിന്റെ കിടപ്പ് മുറിയിലെ അലമാരയിൽ സൂക്ഷിച്ച ഒരു ലക്ഷം രൂപയും ഒരു സ്വർണ്ണ കോയിൻ അടക്കം അഞ്ച് പവൻ സ്വർണ്ണാഭരണങ്ങളുമാണ് നഷ്ടപ്പെട്ടത്. നുശൂറിന്റെ വീട്ടിലെ കിടപ്പുമുറിയിലെ അലമാറയിൽ സൂക്ഷിച്ച 25000 രൂപയും നഷ്ടപ്പെട്ടു.
സെപ്തംബർ ഒന്നിന് ഇരുവരുടേയും കുടുംബങ്ങൾ വീട് അടച്ച് തീർത്ഥാടനത്തിന് വിദേശത്തേക്ക് പോയതായിരുന്നു. ഞായറാഴ്ച രാവിലെ സമീപത്തെ ബന്ധുക്കളാണ് വീട്ടിൽ മോഷണം നടന്ന വിവരം അറിയുന്നത്. പരിസരം പരിശോധിച്ചപ്പോഴാണ് രണ്ട് വീടുകളിലേയും വാതിൽ തകർത്തത് കാണപ്പെട്ടത്. തുടർന്ന് കൊടുവള്ളി പോലീസിൽ പരാതി നൽകി. എസ്.എച്ച്.ഒ അഭിലാഷിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചു. ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.