തിരുവമ്പാടി : ചികിത്സയിൽ കഴിയുന്ന സുഹൃത്തിനെ കാണാൻ ആശുപത്രിയിലെത്തിയ അബിൻ ബിനു (27) വൈദ്യുതാഘാതമേറ്റ് മരിച്ചതുമായി ബന്ധപ്പെട്ട് ആശുപത്രിയുടെപേരിൽ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിൽ സ്വമേധയാ ആണ് കേസെടുത്തിരിക്കുന്നത്. ഇതുസംബന്ധിച്ച റിപ്പോർട്ട് 15 ദിവസത്തിനകം ഹാജരാക്കാൻ താമരശ്ശേരി ഡിവൈ.എസ്.പി.യോട് കമ്മിഷൻ ജുഡീഷ്യൽ മെമ്പർ കെ. ബൈജുനാഥ് ആവശ്യപ്പെട്ടു.
ഇതുമായി ബന്ധപ്പെട്ട് സെപ്റ്റംബർ 27-ന് വൈകുന്നേരം മൂന്നിന് കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസിൽ കമ്മിഷൻ സിറ്റിങ് നടക്കും. ബന്ധു അനീഷ് മോൻ ആന്റണി നൽകിയ പരാതിയിൽ നേരത്തേ തിരുവമ്പാടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇലക്‌ട്രിക്കൽ ഇൻസ്പെക്ടർമാരുടെയും ശാസ്ത്രീയവിദഗ്ധന്മാരുടെയും നേതൃത്വത്തിൽ ആശുപത്രിയിൽ പരിശോധന നടത്തിയതായി തിരുവമ്പാടി എസ്.ഐ. വി.കെ. റസാഖ് പറഞ്ഞു. തിരുവമ്പാടി ചവലപ്പാറ പുതിയകുന്നേൽ ബിനു-രാജി ദമ്പതിമാരുടെ മകൻ അബിൻ ബിനു (27) കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് കൂടരഞ്ഞി കരിങ്കുറ്റിയിലെ സെയ്ന്റ് ജോസഫ്‌സ് ആശുപത്രി കാന്റീനിനുസമീപം വൈദ്യുതാഘാതമേറ്റ് മരിച്ചത്