നന്മണ്ട : അപകടമേഖലയായ തളി റോഡ് ജങ്ഷനിൽ ഇനിയും സീബ്രാലൈൻ സ്ഥാപിക്കാതെ പൊതുമരാമത്ത് വകുപ്പധികൃതർ. കോഴിക്കോട്-ബാലുശ്ശേരി പാത കടന്നുപോകുന്ന നന്മണ്ട 13-ലെ തളിബൈപ്പാസ് റോഡ് സംഗമിക്കുന്ന തളി റോഡ് ജങ്ഷനിലാണ് കാൽ നടക്കാർ ആശങ്കയോടെ റോഡ് മുറിച്ചു കടക്കുന്നത്.
തളി ബസ് കാത്തിരിപ്പുകേന്ദ്രത്തിലേക്ക് പോകുന്നവരും തളി മഹാശിവക്ഷേത്രം, സന്താനഗോപാലം ക്ഷേത്രം, ആശാരികണ്ടി ഗുരുദേവക്ഷേത്രം എന്നിവിടങ്ങളിലേക്ക് പോകുന്ന ഭക്തജനങ്ങളും വളരെ പ്രയാസപ്പെട്ടാണ് റോഡുമുറിച്ചു കടക്കേണ്ടി വരുന്നത്. ഇവിടെ ഹോംഗാർഡ് പോലുമില്ല.
നരിക്കുനി, കരിയാത്തൻകാവ് എന്നിവിടങ്ങളിൽനിന്നും വരുന്ന വാഹനങ്ങൾ കോഴിക്കോട് ബാലുശ്ശേരി റോഡിലേക്ക് കടക്കാനും ഏറെ പ്രയാസപ്പെടുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടയ്ക്ക് ചെറുതും വലുതുമായി ഒട്ടേറെ അപകടങ്ങൾ ഇവിടെ നടന്നിട്ടുണ്ട്. അപകടമുണ്ടായാൽ വ്യാപാരികൾ ആശുപത്രിയിലെത്തിക്കും.
എന്നാൽ അപകടവിവരത്തിന്റെ എഫ്.ഐ.ആർ. തയ്യാറാക്കാൻ വരുന്ന പോലീസ് എല്ലാം തയ്യാറാക്കി പോവുകയല്ലാതെ ബദൽ നടപടികളെക്കുറിച്ച് ഒന്നും ചിന്തിക്കാറില്ല. ബൈപ്പാസ് റോഡിൽ നിന്നുംവരുന്ന വയോജനങ്ങളെയും കുട്ടികളെയും റോഡുമുറിച്ചു കടക്കാൻ വ്യാപാരികൾ സഹായിക്കുന്നുവെന്നതാണ് ഏക ആശ്വാസം.
തളി റോഡ് ജങ്ഷനിൽ സീബ്രാലൈൻ വേണമെന്ന് സീനിയർ സിറ്റിസൺസ് സമ്മേളനങ്ങളിലും പെൻഷനേഴ്സിന്റെ സമ്മേളനങ്ങളിലും നിരന്തരമായി ആവശ്യമുന്നയിച്ചിട്ടും വകുപ്പധികൃതർ മുതിർന്ന പൗരന്മാർക്ക് നൽകുന്ന പരിഗണനപോലും നൽകിയില്ലായെന്നതാണ് ഖേദകരമായ വസ്തുത.