കോഴിക്കോട്: വൃദ്ധ ദമ്പതികളെ കത്തി കൊണ്ടു കുത്തിപ്പരിക്കേൽപ്പിച്ച് സ്വർണ മാല കവർന്ന കേസിലെ പ്രതി പിടിയിൽ. കോഴിക്കോട് മാത്തറയിലാണ് സംഭവം നടന്നത്. തിരൂരങ്ങാടി സികെ നഗർ സ്വദേശി ഹസീമുദ്ദീൻ (30) ആണ് പിടിയിലായത്. ഓഗസ്റ്റ് 27നു പുലർച്ചെയാണ് കേസിനാസ്പദമായ സംഭവം.
വളർത്തു നായയുമായി പ്രഭാത സവാരിക്കു പോയ ഗൃഹനാഥനെ നിരീക്ഷിച്ച ശേഷം അയാളുടെ ഭാര്യ മാത്രമേ വീട്ടിലുള്ളു എന്നു ഉറപ്പു വരുത്തിയാണ് പ്രതി മോഷണം നടത്തിയത്. കത്തി വീശി കഴുത്തിലെ സ്വർമാല കവർന്ന ശേഷം കൈയിലെ വള ഊരി നൽകാൻ ആവശ്യപ്പെടുകയും മോഷണം ചെറുക്കാൻ ശ്രമിച്ച വീട്ടമ്മയുടെ കൈയിൽ കുത്തിപ്പരിക്കേൽപ്പിക്കുകയും ചെയ്തു. വള ഊരിയെടുക്കുന്നതിനിടെ, ഗൃഹനാഥൻ വീട്ടിലേക്ക് തിരിച്ചെത്തിയതോടെ ഇദ്ദേഹത്തേയും പ്രതി ആക്രമിച്ചു.
ഹെൽമറ്റും റെയിൻ കോട്ടും ധരിച്ചാണ് ഇയാൾ കുറ്റകൃത്യം നടത്തിയത്. സിസിടിവി കുടുങ്ങാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചതായും മൂന്ന് ഓട്ടോകൾ മാറി കയറിയാണ് പ്രതി കോഴിക്കോട് നഗരത്തിൽ എത്തിയതെന്നും പൊലീസ് പറഞ്ഞു.
സംഭവ ശേഷം സ്വർണം വിറ്റ് പണവുമായി ബംഗളൂരുവിലേക്ക് കടന്ന പ്രതി തിരിച്ച് കോഴിക്കോട് എത്തി ആഡംബര ഫ്ലാറ്റിൽ കഴിയുകയായിരുന്നു. ഇവിടെ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്.