മലപ്പുറം :വളാഞ്ചേരി ഹയർ സെക്കൻഡറി സ്കൂളിൽ ക്രൂരമായ റാഗിങിന് ഇരയായി പ്ലസ് വൺ വിദ്യാർഥി. ഇരുമ്പ് ചങ്ങല ഉപയോഗിച്ചുള്ള ആക്രമണത്തിൽ വിദ്യാർഥിയുടെ കഴുത്തിനും വാരിയെല്ലിനും ഗുരുതര പരുക്കേറ്റു. വിദ്യാർഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിൽ 10 പ്ലസ് ടു വിദ്യാർഥികൾക്കെതിരെ പൊലീസ് കേസെടുത്തു.
പ്ലസ് വൺ സയൻസ് വിദ്യാർഥിയായ 16കാരന് നേരെയാണ് സീനിയർ വിദ്യാർഥികളുടെ ആക്രമണം. ഷർട്ടിൻറെ ബട്ടൺ ഇട്ടിട്ടില്ലെന്ന് പറഞ്ഞ് പ്ലസ് വൺ വിദ്യാർഥിയെ സീനിയർ വിദ്യാർഥി റാഗ് ചെയ്തിരുന്നു. ഇതിനെതിരെ സ്കൂൾ അധികൃതർക്ക് മുമ്പാകെ പ്ലസ് വൺ വിദ്യാർഥി പരാതി നൽകിയതാണ് പ്രകോപനത്തിന് കാരണമായത്. തുടർന്ന് സീനിയർ വിദ്യാർഥി കൂട്ടുകാർക്കൊപ്പം പ്ലസ് വൺ വിദ്യാർഥിയെ റാഗിങ്ങിനിരയാക്കുകയായിരുന്നു.
സ്കൂളിലേക്ക് പോകും വഴി തടഞ്ഞുനിർത്തിയാണ് ആക്രമിച്ചതെന്ന് വിദ്യാർഥി പൊലീസിൽ മൊഴി നൽകി. റോഡരികിലെ ചാലിലേക്ക് തള്ളിയിട്ട വിദ്യാർഥിയെ പട്ടികകൊണ്ടും ചങ്ങലകൊണ്ടുമാണ് ആക്രമിച്ചത്. നാട്ടുകാർ ഇടപെട്ടാണ് വിദ്യാർഥിയെ രക്ഷപ്പെടുത്തിയത്. കഴുത്തിനും വാരിയെല്ലിനും ഗുരുതര പരുക്കേറ്റ വിദ്യാർഥി ആശുപത്രിയിൽ ചികിത്സയിലാണ്. ഭാരതീയ ന്യായ സംഹിത നിയമപ്രകാരമുള്ള വകുപ്പുകൾ ചേർത്ത് 10 വിദ്യാർഥികൾക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്.