അരീക്കോട്:പതിനഞ്ചു വയസുകാരനെ ദുരുപയോഗം ചെയ്തെന്ന് ഭീഷണിപ്പെടുത്തി വയോധികനില്‍ നിന്ന് പണം തട്ടിയ കേസില്‍ പ്രതികള്‍ പിടിയില്‍. തട്ടിയെടുത്ത പണവുമായി കൊടൈക്കനാലിലേക്ക് വിനോദയാത്ര പോയ സംഘത്തെ മലപ്പുറം അരീക്കോട് പൊലീസാണ് കസ്റ്റഡിയിലെടുത്തത്.
കാവനൂര്‍ സ്വദേശി ചാലക്കണ്ടി വീട്ടില്‍ ഇര്‍ഫാനും, പുത്തലം സ്വദേശി കണ്ണീരി വീട്ടില്‍ ഹരികൃഷ്ണനും പ്രായപൂര്‍ത്തിയാവാത്ത മറ്റു രണ്ടു പേരും ചേര്‍ന്നാണ് കെണിയൊരുക്കിയത്. 55കാരനെ സമൂഹമാധ്യത്തിലൂടെ പരിചയപ്പെട്ട ശേഷം സംഘം വിളിച്ചു പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെ പീഡനത്തിന് ഇരയാക്കിയെന്ന് പരാതി നല്‍കുമെന്ന് അറിയിച്ച് ഭീഷണിപ്പെടുത്തി. ആദ്യം മുപ്പതിനായിരം രൂപ കൈക്കലാക്കി. പിന്നീട് പതിനായിരം രൂപയും മൊബൈല്‍ ഫോണു പിടിച്ചു വാങ്ങി. കിട്ടിയ പണവുമായി കാര്‍ വാടകക്കെടുത്ത് സംഘം കൊടൈക്കനാലിലേക്ക് വിനോദയാത്ര പോയി. മടങ്ങി എത്തിയ ശേഷം ഒരു ലക്ഷം രൂപ കൂടി ആവശ്യപ്പെട്ടതോടെയാണ് അരീക്കോട് പൊലീസില്‍ പരാതി നല്‍കിയത്. പൊലീസ് നിര്‍ദേശപ്രകാരം പണം നല്‍കാമെന്ന് അറിയിച്ചാണ് രണ്ടു പ്രതികളെ അറസ്റ്റ് ചെയ്തത്. മഞ്ചേരി കോടതി റിമാന്‍ഡ് ചെയ്തു