കുട്ടികളുടെ നഗ്ന ചിത്രങ്ങളും ദൃശ്യങ്ങളും സൂക്ഷിക്കുന്നത് കുറ്റകരമല്ലെന്ന മദ്രാസ് ഹൈക്കോടതിയുടെ വിവാദ വിധി സുപ്രീം കോടതി റദ്ദാക്കി. കുട്ടികളുടെ അശ്ലീല ദൃശ്യങ്ങളും ചിത്രങ്ങളും കാണുന്നത് പോക്സോ, ഐടി നിയമങ്ങൾ പ്രകാരം കുറ്റകരമല്ലെന്ന വിധിയാണ് സുപ്രീം കോടതി റദ്ദാക്കിയത്.
ഹൈക്കോടതി ഗുരുതരമായ പിശക് ചെയ്തിരിക്കുന്നുവെന്ന് നിരീക്ഷിച്ചാണ് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ജെ.ബി പർദിവാല എന്നിവരടങ്ങിയ ബെഞ്ചിൻ്റെ നടപടി. ഹൈക്കോടതി വിധി റദ്ദാക്കിയ കോടതി, ഇത്തരം കേസുകളിൽ ക്രിമിനൽ നടപടികൾ തുടരാമെന്നും വ്യക്തമാക്കി.
കുട്ടികളുടെ നഗ്ന ചിത്രങ്ങളും ദൃശ്യങ്ങളും ഡൗൺലോഡ് ചെയ്യുന്നതും, അവ ഡിലീറ്റ് ചെയ്യാതിരിക്കുന്നതും അത് പ്രചരിപ്പിക്കാനുള്ള ഉദ്ദേശ്യത്തെയാണ് സൂചിപ്പിക്കുന്നതെന്നും കോടതി വ്യക്തമാക്കി. മദ്രാസ് ഹൈക്കോടതി വിധിക്കെതിരെ ജസ്റ്റ് റൈറ്റ്സ് ഫോർ ചിൽഡ്രൻ എന്ന കുട്ടികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന സംഘടന നൽകിയ ഹർജിയിലാണ് സുപ്രീംകോടതി ഉത്തരവ്.
കുട്ടികളുടെ നഗ്നചിത്രങ്ങൾ സ്വകാര്യമായി കാണുന്നതും, എന്തെങ്കിലും ഉദ്ദേശ്യങ്ങളില്ലാതെ അത് സൂക്ഷിക്കുന്നതും പോക്സോ ആക്ട് പ്രകാരം കുറ്റകരമല്ലെന്ന മദ്രാസ് ഹൈക്കോടതി വിധിയാണ് സുപ്രീം കോടതി റദ്ദാക്കിയത്.
കുട്ടികളുടെ ഇത്തരം ദൃശ്യങ്ങൾ സൂക്ഷിക്കുന്നത് പോക്സോ നിയമപ്രകാരം കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നതും ചൂഷണം ചെയ്യുന്നതുമായ വിഷയമാണെന്ന് പുനർനിർവചിക്കുന്നതിനുള്ള ഓർഡിനൻസ് പാർലമെൻറിൽ കൊണ്ടുവരണമെന്ന് സുപ്രീംകോടതി നിർദേശിച്ചു. മാത്രമല്ല, ചൈൽഡ് പോണോഗ്രഫി എന്ന പ്രയോഗത്തിനു പകരം ചൈൽഡ് സെക്ഷ്വൽ ആൻഡ് എക്സ്പ്ളോയ്റ്റീവ് ആൻഡ് അബ്യൂസ് മെറ്റീരിയൽ എന്ന പ്രയോഗം കൊണ്ടുവരണമെന്നും കോടതി കേന്ദ്രത്തോട് നിർദേശിച്ചു.
ജനുവരി 11നാണ് കുട്ടികളുടെ അശ്ലീലദൃശ്യങ്ങൾ ഫോണിൽ ഡൗൺലോഡ് ചെയ്തെന്ന കേസിൽ 28കാരനെതിരായ ക്രിമിനൽ നടപടികൾ മദ്രാസ് ഹൈക്കോടതി റദ്ദാക്കിയത്. ആരോപണവിധേയൻ സ്വകാര്യമായി കാണുന്നതിന് മാത്രമാണ് കുട്ടികളുടെ നഗ്നദൃശ്യങ്ങൾ ഡൗൺലോഡ് ചെയ്തതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതിയുടെ വിധി. അവ എവിടെയെങ്കിലും പബ്ലിഷ് ചെയ്യുകയോ, മറ്റാർക്കെങ്കിലും അയച്ചുകൊടുക്കുകയോ ചെയ്തില്ല
കുട്ടികളുടെ നഗ്നദൃശ്യങ്ങൾ ഡൗൺലോഡ് ചെയ്ത് സ്വന്തമായി മാത്രം കാണുന്നത് ഐ.ടി ആക്ട് 67 ബി പ്രകാരം കുറ്റകൃത്യമല്ല. അത് പ്രചരിപ്പിച്ചാൽ മാത്രമേ കുറ്റകരമാകൂ. പോക്സോ ആക്ട് പ്രകാരം, ഒരു കുട്ടിയെയോ അല്ലെങ്കിൽ കുട്ടികളെയോ പോർണോഗ്രഫി ആവശ്യങ്ങൾക്കായി ഉപയോഗപ്പെടുത്തിയിരിക്കണം. ഈ കേസിൽ അത്തരമൊരു ആക്ഷേപം ഇല്ല. ആരോപണവിധേയൻ പോർണോഗ്രഫി വീഡിയോ കാണുക മാത്രമാണ് ചെയ്തിട്ടുള്ളത്.
അതിനുവേണ്ടി കുട്ടിയേയോ കുട്ടികളെയോ ഉപയോഗിച്ചിട്ടില്ല. ഇത്തരമൊരു സാഹചര്യത്തിൽ, ആരോപണവിധേയൻ്റെ ധാർമിക അധപതനമായേ അതിനെ കാണാനാകൂ എന്നായിരുന്നു മദ്രാസ് ഹൈക്കോടതിയുടെ നിരീക്ഷണം.
അതേസമയം, ഇത്തരം വീഡിയോകൾ ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കുന്നതുകൊണ്ട് യാതൊരു നിയമ നടപടിയും നേരിടേണ്ടിവരില്ലെന്ന ധാരണയാണ് കോടതി വിധി സമ്മാനിക്കുന്നതെന്നായിരുന്നു ജസ്റ്റ് റൈറ്റ്സ് ഫോർ ചിൽഡ്രൻ എന്ന സംഘടന ആശങ്ക അറിയിച്ചത്. നിഷ്കളങ്കരയായ കുട്ടികൾക്കുണ്ടായ ദോഷത്തിനൊപ്പം, ശിശുക്ഷേമത്തെ ദോഷകരമായി ബാധിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് സംഘടന സുപ്രീംകോടതിയെ സമീപിച്ചത്.