ദുബായ്: യു.എ.ഇ സർക്കാർ പ്രഖ്യാപിച്ച പൊതുമാപ്പിൽ അധികൃതർ ഇളവ് പ്രഖ്യാപിച്ചു. ഔട്ട്പാസ് ലഭിച്ചാൽ 14 ദിവസത്തിനുള്ളിൽ രാജ്യം വിടണം എന്ന വ്യവസ്ഥയിലാണ് ഇളവ് വരുത്തിയത്. പൊതുമാപ്പ് കാലാവധി തീരുന്നതിനു മുൻപ് രാജ്യം വിട്ടാൽ മതിയെന്ന് ദുബായ് ജനറൽ ഡയറക്‌ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് അമർ കസ്റ്റമർ ഹാപ്പിനെസ്സ് ഡിപ്പാർട്മെന്റ് മേധാവി ലഫ്റ്റനന്റ് കേണൽ സാലിം ബിൻ അലി അറിയിച്ചു.
ഔട്ട്പാസ് ലഭിച്ചവർക്ക്, ജോലി അവസരം ലഭിക്കുകയാണെങ്കിൽ രേഖകൾ ശരിയാക്കി രാജ്യത്ത് തുടരാനായുള്ള അനുമതിയും നൽകും. ഔട്ട്‌പാസിന്‍റെ കാലാവധി നീട്ടിയെങ്കിലും തിരക്കേറുന്ന സമയങ്ങളിൽ വിമാന ടിക്കറ്റ് നിരക്ക് വർധിക്കുന്നതിനാൽ രാജ്യം വിടുന്നത് വൈകിയാൽ വിമാന ടിക്കറ്റിന് കൂടുതൽ പണം നൽകേണ്ടിവരുമെന്നും അതിനാൽ രാജ്യം വിടാൻ ആഗ്രഹിക്കുന്നവർ കഴിയുന്നത്ര വേഗത്തിൽ സ്വദേശത്തേക്ക് മടങ്ങണമെന്ന് അദേഹം പറഞ്ഞു.വിസ നിയമം ലംഘിച്ചവർക്ക് പിഴ ഒന്നും കൂടാതെ രാജ്യം വിടാനും അല്ലെങ്കിൽ അവരുടെ രേഖകൾ ശരിയാക്കി ഇവിടെ നിന്ന് കൊണ്ട് തന്നെ പുതിയ വിസയിലേക്ക് മാറാനും കഴിയും.
ഇതോടൊപ്പം, പൊതുമാപ്പ് പ്രയോജനപ്പെടുത്തി രാജ്യം വിട്ടവർക്ക് പിന്നീട് ബാൻ ഒന്നും കൂടാതെ യു.എ.ഇയിലേക്ക് തന്നെ മടങ്ങിവരാനും കഴിയുമെന്ന് അധികൃതർ വീണ്ടും സ്ഥിരീകരിച്ചു.
സെപ്റ്റംബർ 1 മുതലാണ് യുഎഇയിൽ രണ്ടു മാസത്തേക്കുള്ള പൊതുമാപ്പ് ആരംഭിച്ചത്. ഇതുവരെ ആയിരക്കണക്കിന് ആളുകളാണ് അവസരം പ്രയോജനപ്പെടുത്തിയത്.