ന്യൂഡൽഹി: ഇ.പി. ജയരാജൻ വധശ്രമക്കേസിൽ കെ.പി.സി.സി. അധ്യക്ഷൻ കെ. സുധാകരനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധിക്കെതിരെ കേരളം ഫയൽ ചെയ്ത ഹർജി സുപ്രീം കോടതി തള്ളി. വെറും രാഷ്ട്രീയക്കേസാണ് ഇതെന്ന് നിരീക്ഷിച്ച് കൊണ്ടാണ് സുപ്രീം കോടതി ഹർജി തള്ളിയത്. ജസ്റ്റിസുമാരായ വിക്രം നാഥ്, പി.ബി. വരാലെ എന്നിവർ അടങ്ങിയ ബെഞ്ചാണ് കേരളത്തിന്റെ ഹർജി തള്ളിയത്.പ്രതി ഉന്നത രാഷ്ട്രീയ നേതാവെന്ന് സർക്കാർ, കേരളം ഇപ്പോൾ ഭരിക്കുന്നത് ആരെന്ന് കോടതി
മുപ്പത് വർഷം മുൻപ് നടന്ന സംഭവം ആണിതെന്നും രാഷ്ട്രീയക്കേസിനോട് അനുകൂല സമീപനമല്ല തങ്ങൾക്കുള്ളതെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി. കുറ്റവിമുക്തനാക്കപ്പെട്ട വ്യക്തി, ഉന്നത രാഷ്ട്രീയനേതാവ് ആണെന്ന് സംസ്ഥാന സർക്കാർ അഭിഭാഷകർ ചൂണ്ടിക്കാട്ടിയപ്പോൾ, കേരളം ഇപ്പോൾ ഭരിക്കുന്നത് ആരാണ് എന്നായിരുന്നു സുപ്രീം കോടതിയുടെ മറുചോദ്യം.വധശ്രമക്കേസിലെ ഗൂഢാലോചന നടന്നത് തിരുവനന്തപുരത്ത് വെച്ചാണെന്ന് സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ എസ്.
നാഗമുത്തുവും സ്റ്റാൻഡിങ് കോൺസൽ ഹർഷദ് വി. ഹമീദും ചൂണ്ടിക്കാട്ടി. ഇതിന് വ്യക്തമായ തെളിവുകൾ ഉണ്ട്. അതിനാൽ വധശ്രമക്കേസ് ആന്ധ്രയിലെ കോടതി കേട്ടുവെങ്കിലും, വധശ്രമക്കേസിലെ ഗൂഢാലോചന പരിഗണിക്കേണ്ടത് കേരളത്തിലെ കോടതി ആണെന്നും ഇരുവരും വാദിച്ചു.എന്നാൽ കേസിന്റെ കാലപ്പഴക്കം ചൂണ്ടിക്കാട്ടി ഈ ആവശ്യം കോടതി നിരാകരിച്ചു. ചില വിധിന്യായങ്ങൾ കോടതി പരിഗണിക്കണമെന്ന് സീനിയർ അഭിഭാഷകൻ നാഗമുത്തു ചൂണ്ടിക്കാട്ടിയപ്പോൾ, ആ വിധി ന്യായങ്ങൾ എല്ലാം മറ്റൊരു അവസരത്തിൽ പരിഗണിക്കാം എന്നായിരുന്നു സുപ്രീം കോടതിയുടെ നിരീക്ഷണം. സുധാകരനെ കുറ്റവിമുക്തൻ ആക്കിയതിനെതിരെ ഇ.പി. ജയരാജനും സുപ്രീം കോടതിയെ സമീപിക്കുമെന്ന് അറിയിച്ചിരുന്നു.