ഷിരൂർ: ഡി.എൻ.എ സ്ഥിരീകരണത്തിന് പിന്നാലെ, ഷിരൂരിലെ മണ്ണിടിച്ചിൽ ദുരന്തത്തിൽ മരിച്ച മലയാളി ലോറി ഡ്രൈവർ അർജുന്റെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറി.
മൃതദേഹവുമായി ആംബുലൻസ് അർജുന്റെ നാടായ കോഴിക്കോട് കണ്ണാടിക്കലേക്ക് പുറപ്പെട്ടു. സംസ്ഥാന സർക്കാർ തയ്യാറാക്കിയ പ്രത്യേക ആംബുലൻസിലാണ് മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരുന്നത്. അർജുന്റെ സഹോദരൻ അഭിജിത്തും സഹോദരി ഭർത്താവ് ജിതിനും ആംബുലൻസിലുണ്ട്. കർണാടക പോലീസും കാർവാർ എം.എൽ.എ സതീഷ് സെയിലും മഞ്ചേശ്വരം എംഎൽഎ എ.കെ.എം അഷ്‌റഫും ആംബുലൻസിനെ അനുഗമിക്കുന്നുണ്ട്.വീട്ടിൽ നിന്നും ട്രക്കുമായി ദൂരസ്ഥലങ്ങിലേക്ക് യാത്ര പോയിരുന്ന അർജുന്റെ അവസാന മടക്ക യാത്രയാണിത്. വഴിമധ്യേ ദുരന്ത സ്ഥലത്ത് ഒരു നിമിഷം നിന്ന് അർജുന്റെ ആത്മശാന്തിക്കായി പ്രാർത്ഥിക്കുമെന്ന് സതീഷ് സെയ്ൽ എം.എൽ.എ പറഞ്ഞു. നാളെ രാവിലെ ആറോടെ അർജുന്റെ മൃതദേഹം നാട്ടിലെത്തും. രാവിലെ പൂളാടിക്കുന്നിൽ ലോറി ഡ്രൈവർമാരുടെ കൂട്ടായ്മ ആംബുലൻസ് സ്വീകരിക്കും. ആംബുലൻസ് എട്ട് മണിയോടെ കണ്ണാടിക്കലിൽ എത്തുമെന്നാണ് കരുതുന്നത്. കണ്ണാടിക്കൽ ബസാറിൽ നിന്ന് ആംബുലൻസ് വ്യൂഹത്തെ കാൽനടയായി നാട്ടുകാർ അനുഗമിക്കും. 8.10ന് മൃതദേഹം വീട്ടിൽ എത്തിക്കും.
ഒരു മണിക്കൂർ പൊതുദർശനത്തിന് ശേഷം വീട്ടുവളപ്പിൽ മൃതദേഹം സംസ്‌കരിക്കുമെന്ന് ബന്ധുക്കൾ പറഞ്ഞു. മൃതദേഹം അർജുന്റേത് തന്നെയാണെന്ന് ഡി.എൻ.എ പരിശോധനയിൽ സ്ഥിരീകരിച്ചതോടെയാണ് നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ വേഗത്തിലായത്. അതിനിടെ, അർജുന്റെ കുടുംബത്തിനു കർണാടക സർക്കാർ അഞ്ചു ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു. കാർവാർ എംഎൽഎ സതീഷ് സെയിൽ സഹായധനം അർജുന്റെ അമ്മയ്ക്ക് കൈമാറും. ഗംഗാവലിപ്പുഴയിൽ കടുത്ത പ്രതികൂല കാലാവസ്ഥയിൽ അടക്കം 72 ദിവസം നീണ്ടുനിന്ന തിരച്ചിലിനൊടുവിലാണ് അർജുന്റെ മൃതദേഹവും ലോറിയും മകന്റെ കളിക്കോപ്പും അർജുൻ ഉപയോഗിച്ച വസ്തുക്കളുമെല്ലാം കണ്ടെത്താനായത്.
ജൂലൈ 16ന് കർണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിലാണ് ലോറിയിൽ ലോഡുമായി പോയ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുൻ അപകടത്തിപ്പെട്ടത്. മണ്ണിടിച്ചിലിൽ കാണാതായ മറ്റു രണ്ടു പേർക്കക്കുള്ള തിരച്ചിൽ ഗംഗിവലിപ്പുഴയിൽ തുടരുകയാണ്.