കോടഞ്ചേരി: സെൻ്റ് ജോസഫ്സ് ഹയർ സെക്കൻ്ററി സ്കൂളിൽ 'ആരവം 2024' എന്ന പേരിൽ നാമകരണം ചെയ്ത യുവജനോത്സവ പരിപാടിയും,ദേശീയ ചലച്ചിത്ര പുരസ്കാര ജേതാവ് ജോഷി ബെനഡിക്ടിനെ ആദരിക്കുന്ന ചടങ്ങും സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് സമുചിതമായ രീതിയിൽ സംഘടിപ്പിച്ചു.
ഹയർ സെക്കൻ്ററി സ്കൂൾ പ്രിൻസിപ്പൽ വിജോയി തോമസ് സ്വാഗതം ചെയ്ത പരിപാടിയിൽ സ്കൂൾ മാനേജർ ഫാ.കുര്യാക്കോസ് ഐക്കൊളമ്പിൽ അധ്യയക്ഷത വഹിച്ചു.
'എ കോക്കനട്ട് ട്രീ' എന്ന അനിമേഷൻ ചിത്രം നിർമ്മിച്ച് ദേശീയ അവാർഡ് കരസ്ഥമാക്കിയ ജോഷി ബെനഡിക്ട് സ്കൂൾ യുവജനോത്സവ പരിപാടി ദീപം തെളിയിച്ച് ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു.ഒരു കുടുംബവും തെങ്ങും തമ്മിലുള്ള ആത്മബന്ധം പ്രമേയമാക്കിയ അനിമേഷൻ ചിത്രം വേദിയിൽ പ്രദർശിപ്പിച്ചു.ആരോ ഉപേക്ഷിച്ചു പോയ തെങ്ങിൻ തൈ ഏറ്റെടുക്കുന്ന അമ്മ പറമ്പിൽ അത് വച്ചുപിടിപ്പിക്കുന്നു.കുടുംത്തിലെ ഒരംഗമായി വളരുകയും ഇടപെടുകയും ചെയ്യുന്ന തെങ്ങിനെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത്.
ജീവിതഗന്ധിയായ അനിമേഷൻ സിനിമകൾ ജീവിത ചിത്രങ്ങളെ ചലനാത്മകമാക്കുന്നു
എന്ന് വിദ്യാർത്ഥികളുമായി നടത്തിയ സംവാദത്തിൽ അദ്ദേഹം അഭിപ്രായപ്പെട്ടു. മലയാളത്തിൽ അധികം പരീക്ഷണങ്ങൾ നടന്നിട്ടില്ലാത്ത അനിമേഷൻ ചലച്ചിത്ര മേഖലയിൽ കൈ വെച്ച് ദേശീയ അവാർഡ് നേടിയ ജോഷി ബെനഡിക്ടിനെ സ്കൂൾ മാനേജർ റവ.ഫാ.കുര്യാക്കോസ് ഐക്കൊളമ്പിൽ പൊന്നാടയണിയിച്ച് മെമൻ്റൊ നൽകി ആദരിച്ചു.
ഹൈസ്ക്കൂൾ ഹെഡ്മാസ്റ്റർ ബിനു ജോസ്,പി.ടി.എ പ്രസിഡൻ്റ് റോക്കച്ചൻ പി.വി,സ്റ്റാഫ് സെക്രട്ടറി സജി ജെ കരോട്ട്,ആർട്സ് സെക്രട്ടറി ജിയോ ജയിംസ് കുര്യൻ എന്നിവർ കലോത്സവ പരിപാടികൾക്ക് ആശംസയർപ്പിച്ച് സംസാരിച്ചു.ആർട്സ് കൺവീനർ ജീന തോമസ് ചടങ്ങിന് ഔദ്യോഗികമായി നന്ദിയർപ്പിച്ചു.അദ്ധ്യാപകരായ ലീന സക്കറിയാസ്,മേരി ഷൈല,ഷീൻ.പി.ജേക്കബ്, സ്കൗട്ട്സ് & ഗൈഡ്സ്,എൻ.എസ്.എസ് വിദ്യാർത്ഥികൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.