ചെന്നൈ:: തൃശൂര്‍ ജില്ലയിലെ എടിഎം കവര്‍ച്ച കേസില്‍ ആറ് പേര്‍ക്കെതിരെ കേസ് എടുത്ത് തമിഴ്‌നാട് നാമക്കല്‍ പൊലീസ്. വധശ്രമം, ആക്രമണം, പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങി, വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് നാമക്കല്‍ പൊലീസ് അറിയിച്ചു.
തമിഴ് നാട്ടിലെ നാമക്കലില്‍ കുമാരപാളയത്തുവച്ച് തമിഴ്‌നാട് പൊലീസാണ് പ്രതികളെ നാടകീയമായി പിടികൂടിയത്. തോക്കുകളുമായി സഞ്ചരിച്ചിരുന്ന കവര്‍ച്ച സംഘത്തെ ഏറ്റുമുട്ടലിലൂടെയാണ് പൊലീസ് കീഴ്പ്പെടുത്തിയത്. ഏറ്റുമുട്ടലിനിടെ കവര്‍ച്ചാ സംഘത്തിലെ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. കവര്‍ച്ചാ സംഘത്തിന്റെ ആക്രമണത്തില്‍ പരിക്കേറ്റ പൊലീസുകാരന്‍ കോയമ്പത്തൂരിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.
'സംഘം നിരവധി അന്തര്‍സംസ്ഥാന എടിഎം കവര്‍ച്ചാ കേസുകളില്‍ പ്രതികളാണെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതായും പ്രതികള്‍ ഹരിയാന സ്വദേശികളായതിനാല്‍ ഇവരെ കസ്റ്റഡിയിലെടുത്തതും ഏറ്റുമുട്ടലില്‍ ഒരൂ പ്രതി കൊല്ലപ്പെട്ട വിവരവും ഹരിയാന പൊലിസിനെ അറിയിച്ചതായും നാമക്കല്‍ പൊലീസ് അറിയിച്ചു. എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയ ശേഷം പ്രതികളെ ഉടന്‍ കോടതിയില്‍ ഹാജരാക്കും.
മോഷണസംഘം സഞ്ചരിച്ച കണ്ടെയ്‌നര്‍ നിരവധി വാഹനങ്ങളില്‍ ഇടിച്ചിരുന്നു. ഇതോടെ നാമക്കല്‍ പൊലീസ് കണ്ടെയ്‌നര്‍ ലോറിയെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. പൊലീസ് ഇവരെ പിന്തുടര്‍ന്ന് പിടികൂടുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.