ഡെറാഡൂൺ: വിനോദയാത്ര പോയ മലയാളി യുവാവ് കൊടുമുടി കയറുന്നതിനിടെ ശ്വാസം മുട്ടിലിനെ തുടർന്ന് മരിച്ചു. ഉത്തരാഖണ്ഡിലെ ഗരുഡ കൊടുമുടി കയറുന്നതിനിടെ ശ്വാസംമുട്ടലുണ്ടായ ഇടുക്കി കമ്പിളികണ്ടം മുക്കുടം സ്വദേശി പൂവത്തിങ്കൽ അമൽ മോഹനാ(34)ണ് മരിച്ചത്.
സമുദ്രനിരപ്പിൽനിന്നും ആറായിരം മീറ്റർ ഉയരത്തിലുള്ള കൊടുമുടി കയറുന്നതിനിടെ വെള്ളിയാഴ് അമലിന് ശ്വാസംമുട്ടൽ അനുഭവപ്പെടുകയായിരുന്നു. തുടർന്ന് കൂടെയുണ്ടായിരുന്ന സുഹൃത്ത് കൊല്ലം സ്വദേശി വിഷ്ണു ജി നായർ അമലിന്റെ ആരോഗ്യനില മോശമാണെന്ന് അധികൃതരെ അറിയിക്കുകയായിരുന്നു. ഉടനെ ദേശീയ ദുരന്ത നിവാരണ സേനാംഗങ്ങൾ ബേസ് ക്യാമ്പിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കേദാർനാഥിൽനിന്ന് അമലിന്റെ മൃതദേഹം ഹെലികോപ്ടറിൽ ജോഷിമഠിൽ എത്തിച്ചിട്ടുണ്ട്. ജോഷിമഠ് ജനറൽ ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടപടി പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കുമെന്ന് കൂടെയുള്ളവർ അറിയിച്ചു. ഈ മാസം 24ന് ആണ് നാലംഗ സംഘം ട്രക്കിങ്ങിന് പോയത്.