മലപ്പുറം: സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ക്കതിരേ സമൂഹമാധ്യമങ്ങളില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ച സംഭവത്തില്‍ മഞ്ചേരിയിലും കോഴിക്കോട്ടും കേസ്. പി.വി അന്‍വര്‍ വിഷയവുമായി ബന്ധപ്പെട്ട് മഞ്ചേരി പൊലിസ് സ്റ്റേഷനിലും വയനാട് ദുരന്തവുമായി ബന്ധപ്പെട്ടുള്ള വ്യാജ പ്രചരണങ്ങളില്‍ കോഴിക്കോട് ചെമ്മങ്ങാട് പൊലിസ് സ്റ്റേഷനിലുമാണ് സമസ്ത പരാതി നല്‍കിയത്
വ്യാജ വാര്‍ത്തകളും ദുരുദ്ദേശ്യത്തോടെയുള്ള പോസ്റ്ററുകളുമാണ് സാമൂഹ്യ വിരുദ്ധര്‍ സോഷ്യല്‍മീഡിയകളിലൂടെ സൃഷ്ടിച്ചു വിടുന്നത്. തെറ്റായ വാര്‍ത്തകള്‍, തീവ്ര ചിന്താഗതികള്‍, ഗൂഢാലോചനാ സിദ്ധാന്തങ്ങള്‍, മറ്റു വിദ്വേഷപ്രചരണങ്ങള്‍ തുടങ്ങിയവ സമസ്തയുടെ പേരിലും പ്രസിഡന്റിന്റെ പേരിലും സൃഷ്ടിക്കുന്നുണ്ട്.
പ്രമുഖ ചാലനുകളുടെ എംബ്ലം ഉപയോഗിച്ച് ഓണ്‍ലൈന്‍ മാധ്യമങ്ങളും ചില വാട്സ് അപ്പ് ഗ്രൂപ്പുകളും വസ്തുതകള്‍ക്ക് നിരക്കാത്ത വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുണ്ട്. സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകളുമായി ബന്ധപ്പെട്ടും ഏറ്റവും പുതിയ വിവാദമായ പി.വി അന്‍വറിന്റെ നിലപാടുകളിലും വരെ വ്യാജ പ്രചരണം സജീവമാക്കുന്നുണ്ട്. മഞ്ചേരി പൊലിസില്‍ ഇത്തരത്തിലുള്ള കേസാണ് നല്‍കിയിരിക്കുന്നത്. പൊതുസമൂഹത്തില്‍ വ്യാപകമായ തെറ്റിധാരണകളാണ് ഇതുവഴി സൃഷ്ടിക്കുന്നത്.
സലാം ചേലേമ്പ്ര എന്ന പേരില്‍ രൂപീകരിച്ച 3.04 ലക്ഷം അംഗങ്ങളുള്ള പൊതുഗ്രൂപ്പിലാണ് വയനാട് ദുരന്ത സമയത്ത് ജിഫ്രി തങ്ങളുടെ പേരില്‍ വ്യാജ പ്രചരണം നടത്തിയത്. ഫോട്ടോ അടക്കം പ്രചരിപ്പിച്ച സംഭവം ഏറെ വിവാദമായിരുന്നു. പരാതികളില്‍ പൊലിസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്