കൊടുവള്ളി: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് എക്‌സിക്യൂട്ടീവ് അംഗവും കൊടുവള്ളി മുസ്‌ലിം യത്തീംഖാന ജനറല്‍ സെക്രട്ടറിയുമായ ടി കെ പരീക്കുട്ടി ഹാജി നിര്യാതനായി. മയ്യിത്ത് നിസ്‌ക്കാരം ഇന്ന് രാത്രി (01-10-2024) എട്ടു മണിക്ക് നടക്കാവ് ജുമാ മസ്ജിദില്‍.
കൊടുവള്ളി യതീംഖാനയുടെ ഉന്നമനത്തിനായി ജീവിതം തന്നെ മാറ്റി വച്ചു ടി കെ പരീക്കുട്ടി ഹാജി.
സാമൂതിരി സ്‌കൂളില്‍നിന്ന് പത്താംക്ലാസ് കഴിഞ്ഞപ്പോള്‍ പിതാവ് ടി.കെ. അഹമ്മദ്കുട്ടിഹാജിയുടെ മാര്‍ഗനിര്‍ദേശത്തില്‍ മരവ്യവസായത്തിലേക്ക് നീങ്ങി.
1960 മുതല്‍ അഞ്ചുവര്‍ഷം കൊടുവള്ളി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റായി പ്രവര്‍ത്തിച്ചു. അക്കാലത്ത് അവിടെയുള്ള പ്രധാനപ്പെട്ട പാലങ്ങളും റോഡുകളും നിര്‍മിക്കുന്നതില്‍ വലിയ പങ്ക് വഹിച്ചു. പലപ്പോഴും സ്വന്തം കൈയില്‍നിന്ന് പണം ചെലവഴിച്ച് തിരുവനന്തപുരത്തു പോയി മന്ത്രിമാരെയും ഉദ്യോഗസ്ഥരെയും കണ്ടാണ് പഞ്ചായത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റിയിരുന്നത്.
1978ലാണ് കൊടുവള്ളിയിലെ യത്തീംഖാന തുടങ്ങാന്‍ മുന്നിട്ടിറങ്ങിയത്. അന്നുമുതല്‍ സ്ഥാപനത്തിന്റെ സെക്രട്ടറിയായി പ്രവര്‍ത്തിച്ച പരീക്കുട്ടിഹാജി അടുത്തകാലംവരെ എല്ലാ ഞായറാഴ്ചകളിലും രാവിലെമുതല്‍ വൈകുന്നേരംവരെ യത്തീംഖാനയിലെത്തി അതിന്റെ പ്രവര്‍ത്തനം നേരിട്ട് വിലയിരുത്തിയിരുന്നു. സ്ഥാപനത്തിന്റെ പ്രവര്‍ത്തനത്തിന് വരുമാനം കണ്ടെത്താന്‍ പ്രദേശത്തെ 40,000 വീടുകളില്‍ കോയിന്‍ബോക്‌സ് വെക്കാനുള്ള ആശയം പരീക്കുട്ടിഹാജിയുടെതായിരുന്നു. ഇത് പിന്നീട് വന്‍വിജയമായി മാറി.
"മുട്ടില്‍ യത്തീംഖാനയുടെ വനിതാവിഭാഗം തുടങ്ങാന്‍ വാരാമറ്റത്ത് പടിഞ്ഞാറത്തറയില്‍ സൗജന്യമായി സ്ഥലം നല്‍കി. കോഴിക്കോട് സിവില്‍സ്റ്റേഷനടുത്തുള്ള തന്റെ സ്ഥലവും മറ്റൊരു അനാഥാലയത്തിനായി വിട്ടുകൊടുത്തു. രാജ്യത്തെ മികച്ച ശിശുക്ഷേമപ്രവര്‍ത്തനം നടത്തുന്ന സ്ഥാപനത്തിനുള്ള അവാര്‍ഡ് 1992ല്‍ കൊടുവള്ളി യത്തീംഖാനയ്ക്ക് ലഭിച്ചു. പരീക്കുട്ടിഹാജിയുടെ നിസ്വാര്‍ഥമായ പ്രവര്‍ത്തനം മുന്‍നിര്‍ത്തി സംസ്ഥാന ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ ചെയര്‍മാനായി സംസ്ഥാനസര്‍ക്കാര്‍ നിയമിച്ചിട്ടുണ്ട്."