ടെൽ അവീവ്: ഇസ്രയേലിന് നേരെ മിസൈൽ ആക്രമണം നടത്തി ഇറാൻ. ഇറാനിൽ നിന്ന് റോക്കറ്റ് ആക്രമണം ഉണ്ടായതായി ഇസ്രയേൽ പ്രതിരോധ സേന വ്യക്തമാക്കി. ഇസ്രയേലിലെ ടെല്‍ അവീവിൽ ഉള്‍പ്പെടെ ബാലിസ്റ്റിക് മിസൈലുകള്‍ ഉപയോഗിച്ച് ഇറാൻ ആക്രമണം നടത്തി. ആക്രമണത്തിന് പിന്നാലെ ഇസ്രയേലിലുള്ളവര്‍ വീടുകളിലും മറ്റുമായുള്ള സുരക്ഷാ ബങ്കറുകളിലേക്ക് മാറിയിട്ടുണ്ട്.
മലയാളികള്‍ ഉള്‍പ്പെടെ താമസിക്കുന്ന മേഖലയില്‍ ആക്രമണം നടന്നതായാണ് വിവരം. മിസൈല്‍ ആക്രമണത്തിൽ ഇതുവരെ ജീവഹാനി സംഭവിച്ചിട്ടില്ലെന്ന് ഇസ്രയേൽ അറിയിച്ചു. എന്നാൽ ആക്രമണത്തിൽ നിരവധിയാളുകൾക്ക് പരിക്കേറ്റതായി റിപ്പോർട്ടുണ്ട്. ഇറാൻ ഇസ്രയേലിന് നേരെ 400ലധികം മിസൈലുകൾ വിക്ഷേപിച്ചതായാണ് റിപ്പോർട്ട്.
ഇറാനിൽ നിന്ന് രാജ്യത്തേക്ക് മിസൈൽ ആക്രമണം ഉണ്ടായതായി ഇസ്രയേൽ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ സ്ഥിരീകരിച്ചിട്ടുണ്ട്. ജാഗ്രത പാലിക്കണമെന്നും നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും ജനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ഇസ്രയേലിലെ ഇന്ത്യക്കാർ ജാഗ്രത പാലിക്കണമെന്ന് ഇന്ത്യൻ എംബസിയും അറിയിച്ചു. പൗരന്മാർ സുരക്ഷിതയിടങ്ങളിലേക്ക് മാറണമെന്നും അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്.
ഇസ്രയേലിലെ മിസൈല്‍ ആക്രമണത്തിന് പിന്നാലെ വൈറ്റ് ഹൗസിൽ അടിയന്തര യോഗവും ചേര്‍ന്നിരുന്നു. പ്രസിഡന്റ് ജോ ബൈഡനും വൈസ് പ്രസിഡന്റ് കമല ഹാരിസും ദേശീയ സുരക്ഷാ കൗൺസിലുമായി അടിയന്തിര യോഗം ചേർന്നു. ഇസ്രയേലിന് ആവശ്യമായ സൈനിക സഹായം നൽകാൻ ബൈഡൻ നിർദേശം നൽകി. ഇസ്രയേലിനെതിരായ ഇറാൻ നടത്തിയ മിസൈൽ ആക്രമണം പരാജയപ്പെട്ടെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇറാൻ രാത്രി ഒരു വലിയ തെറ്റ് ചെയ്തു.
അതിനുള്ള മറുപടി കൊടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സ്വയം പ്രതിരോധിക്കാനുള്ള നിശ്ചയദാർഢ്യവും ശത്രുക്കൾക്കെതിരെ തിരിച്ചടിക്കാനുള്ള ഇസ്രയേലിന്റെ ദൃഢനിശ്ചയവും ഇറാനിലെ ഭരണകൂടത്തിന് മനസിലാകുന്നില്ല, ഈ തെറ്റിന് ഇറാൻ വലിയ വില കൊടുക്കേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാൻ ആക്രമണത്തെ തുടർന്ന് ഇറാഖ്, ജോർദാൻ വ്യോമപാതയും അടച്ചു.
അതേസമയം ആക്രമണം അവസാനിച്ചതായുള്ള സൂചനകൾ ഇറാൻ നൽകി. ചൊവ്വാഴ്ച നടന്ന മിസൈൽ ആക്രമണത്തിന് തിരിച്ചടി നൽകിയാൽ വീണ്ടും ആക്രമണം നടത്തുമെന്നും ഇറാൻ അറിയിച്ചതായി വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വെള്ളിയാഴ്ച ബെയ്‌റൂട്ടിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഹിസ്ബുള്ള നേതാവ് ഹസൻ നസ്‌റല്ല കൊല്ലപ്പെട്ടിരുന്നു.