എകരൂൽ : കൊയിലാണ്ടി-താമരശ്ശേരി സംസ്ഥാനപാതയിൽ എസ്റ്റേറ്റ്മുക്ക് പെട്രോൾപമ്പിനടുത്തുള്ള കിടങ്ങ് വലിയ അപകടഭീഷണിയുയർത്തുന്നു. ഓവുചാലുകൾ മുഴുവനായി മൂടാതെയും മൂടിയ സ്ലാബുകളിൽ ഒരെണ്ണം ഇളകിമാറിക്കിടക്കുന്ന അവസ്ഥയിലുമാണ്. രാത്രി പെട്രോൾപമ്പിലേക്കും തിരിച്ച് റോഡിലേക്കും ഇറക്കുന്ന ബൈക്കുകളടക്കമുള്ള വാഹനങ്ങൾ ഇവിടെ അപകടത്തിൽപ്പെടാനുള്ള സാധ്യതയേറെയാണ്.
നിലവിൽ, പെട്രോൾപമ്പിന്റെ ഈ ഭാഗത്ത് ഏതെങ്കിലും വാഹനങ്ങൾ മിക്കപ്പോഴും നിർത്തിയിടുന്നതിനാലും തൊട്ടടുത്ത കാർ ഷോറൂമിനോടു ചേർന്ന് ഇരുമ്പ് പൈപ് വേലിയിട്ടതിനാലും അപകടക്കിടങ്ങ് ശ്രദ്ധയിൽപ്പെടുന്നതിനാൽ വലിയ ദുരന്തങ്ങൾ സംഭവിക്കാതിരിക്കുകയാണെന്ന് നാട്ടുകാർ പറഞ്ഞു.
അടുത്ത വീടുകളിലേക്കു തിരിയുന്ന ഭാഗത്തെ യാത്രക്കാർക്കും ഇത് അപകടകരമാണ്. സംസ്ഥാനപാതയിൽ എകരൂൽ, പൂനൂർ അങ്ങാടികളിലടക്കം ഇരുഭാഗങ്ങളിലെയും ഓവുചാലുകൾ ഇനിയും പൂർണമായി മൂടാത്ത ഭാഗങ്ങൾ അപകടാവസ്ഥയിലാണ്.