തിരുവമ്പാടി ∙ കൂടരഞ്ഞി–തിരുവമ്പാടി റോഡിലെ യാത്രാദുരിതം അവസാനിക്കുന്നില്ല. തിരുവമ്പാടി ടൗണിനോട് ചേർന്നുള്ള ഭാഗത്തെ ഓവുചാൽ പൊളിച്ചിട്ടു മാസങ്ങൾ ആയി. ഇതിന്റെ പ്രവൃത്തി ഇപ്പോഴും ഇഴഞ്ഞു നീങ്ങുകയാണ്. റോഡിന്റെ ഒരു ഭാഗം മുഴുവൻ ചെളിവെള്ളം കെട്ടി നിൽക്കുന്നതിനാൽ വാഹനങ്ങൾ വരുമ്പോൾ സ്കൂൾ കുട്ടികളുടെ ദേഹത്ത് ചെളി തെറിക്കുന്നുണ്ട്. സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂൾ, ഇൻഫന്റ് ജീസസ് ഹൈസ്കൂൾ, സക്സസ് ഗാർട്ടൻ പരിശീലന കേന്ദ്രം, മറ്റ് സ്വകാര്യ വിദ്യാഭ്യാസ കേന്ദ്രങ്ങൾ ഉൾപ്പെടെ 5,000ൽ പരം കുട്ടികൾ പഠിക്കുന്ന സ്ഥാപനങ്ങൾ കൂടരഞ്ഞി റോഡിന് സമീപം ഉണ്ട്. റോഡ് അടച്ചിട്ട് കലുങ്കുകളുടെ നിർമാണം മാത്രമാണ് പൂർത്തിയാക്കിയത്.
കലുങ്കിനു സമീപം ഉള്ള ഓവുചാൽ നിർമാണവും ചിലയിടത്തു പുരോഗമിക്കുന്നു. ജലജീവൻ പദ്ധതിയുടെ പൈപ്പ് ഇടൽ ആണ് റോഡ് നവീകരണം വൈകാൻ കാരണമെന്ന് പൊതുമരാമത്ത് വകുപ്പ് അസി.എൻജിനീയർ പറഞ്ഞു. കക്കുണ്ട് റോഡിനോടു ചേർന്ന ഭാഗത്തെ സംരക്ഷണ ഭിത്തി ഇടിഞ്ഞ് ഒട്ടേറെ അപകടങ്ങൾ ഉണ്ടായിട്ടും പരിഹാര നടപടികളില്ല. റോഡിലെ അമേരിക്കൻ കോളനി ഭാഗത്ത് മഴ പെയ്താൽ വെള്ളക്കെട്ടും ഗതാഗത തടസ്സവും പതിവായിരുന്നു.
2021ൽ ഈ റോഡിലെ മൂന്ന് കലുങ്കുകളുടെ നിർമാണത്തെ തുടർന്ന് മാസങ്ങളോളം റോഡ് അടച്ചിട്ട്, ഗതാഗതം കക്കുണ്ട് – ചവലപ്പാറ റോഡിലൂടെ തിരിച്ചുവിട്ടു. പിന്നീട് റോഡ് നവീകരണത്തിന് പദ്ധതി വരികയും തിരുവമ്പാടി മുതൽ ചവലപ്പാറ വരെ 2.5 കിലോമീറ്റർ റോഡ് നവീകരിക്കാൻ 3.3 കോടി രൂപയുടെ ഭരണാനുമതി ലഭിക്കുകയും ചെയ്തു. 5.5 മീ വീതിയിൽ ബിഎം–ബിസി നിലവാരത്തിലുള്ള ടാറിങ്, 10 കലുങ്കുകളുടെ നിർമാണം, ആവശ്യമായ സ്ഥലങ്ങളിൽ ഓവുചാൽ നിർമാണം.
റോഡ് മാർക്കിങ്, സുരക്ഷ സംവിധാനങ്ങൾ, സംരക്ഷണഭിത്തി നിർമാണം, അമേരിക്കൻ കോളനി ഭാഗത്തെ റോഡ് ഉയർത്തൽ എന്നിവയെല്ലാം നവീകരണത്തിൽ നിർദേശിച്ചിരുന്നു. റോഡിന്റെ നിർമാണ കാലാവധി 7 മാസം ആയിരുന്നു. കഴിഞ്ഞ ഫെബ്രുവരി 17ന് റോഡ് നവീകരണ പ്രവൃത്തി ഉദ്ഘാടനം നടത്തിയെങ്കിലും ഇതിന് രണ്ട് മാസം മുൻപ് പ്രവൃത്തി ആരംഭിച്ചിരുന്നു. മുക്കത്തെ എൽ ആൻഡ് എ ഇൻഫ്രാസ് ഡവലപേഴ്സ് കമ്പനി ആണ് കരാർ എടുത്തത്. കുടിയേറ്റ മേഖലയിലെ ആദ്യ റോഡ് ആയിട്ടും ഇപ്പോഴും ഈ റോഡിന് 8 മീറ്റർ മാത്രമാണു വീതി.