റിയാദ്: ഹജ്ജ്, ഉംറ സേവനങ്ങൾക്കായി വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനുള്ള താൽക്കാലിക തൊഴിൽ വിസകൾ, അവരുടെ ജോലി എന്നിവ സംബന്ധിച്ച വ്യവസ്ഥകൾ പരിഷ്കരിച്ചതായി സൗദി മാനവ വിഭവശേഷി-സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു.
ചൊവ്വാഴ്ച കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാെൻറ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭായോഗം ഭേദഗതിക്ക് അംഗീകാരം നൽകി. താത്കാലിക വിസയുടെ കാലാവധി 90 ദിവസമായി ദീർഘിപ്പിച്ചതാണ് പ്രധാന ഭേദഗതി. ആ കാലാവധി കഴിഞ്ഞാൽ മൂന്നുമാസത്തേക്ക് കൂടി നീട്ടാനും പുതിയ വ്യവസ്ഥപ്രകാരം അനുമതിയുണ്ട്.
അതായത് ഈ താൽക്കാലിക തൊഴിൽ വിസയിൽ എത്തുന്നവർക്ക് രാജ്യത്ത് പരമാവധി ആറ് മാസം വരെ തങ്ങി ജോലി ചെയ്യാം. നിലവിലെ ഹജ്ജ്, ഉംറ സേവനങ്ങൾക്കായുള്ള സീസണൽ വർക്ക് വിസ എന്നതിന് പകാരം ‘താൽക്കാലിക തൊഴിൽ വിസ’ എന്ന് പുനർനാമകരണം ചെയ്തതായി ഭേദഗതികൾ വിശദീകരക്കവേ മാനവ വിഭവശേഷി മന്ത്രാലയം വ്യക്തമാക്കി.